
സിനിമക്കായി സെന്സിറ്റിവ് ആയ കഥാപാത്രങ്ങളെ സൃഷ്ടിക്കാനും, കാണാനുമാണ് താൽപര്യമെന്ന് തുറന്നു പറഞ്ഞ് സംവിധായിക അഞ്ജലി മേനോൻ. കൂടാതെ സിനിമയിലെ ആൽഫാ മെയിൽ കഥാപാത്രങ്ങളോട് ആരാധന തോന്നിയിട്ടില്ലെന്നും അഞ്ജലി കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
“സിനിമയിലെ അതിമാനുഷ ഭാവം പുലർത്തുന്ന സോകോൾഡ് ആൽഫാ മെയിൽ കഥാപാത്ര വാർപ്പ് സൃഷ്ടികളോട് ആരാധന തോന്നിയിട്ടേയില്ല എപ്പോഴും അത്തരം കഥാപാത്രങ്ങളെ മാത്രം കണ്ട് കണ്ട് പുരുഷമാർക്ക് തന്നെ വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളാണ് നമ്മൾ സൃഷ്ടിക്കുന്നത്. അവരുടെ മനസിലുള്ളത് പ്രകടിപ്പിക്കാനും ഒരു ഇടം വേണ്ടേ? മാത്രമല്ല അത് വളരെ ആകർഷണീയവുമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ഒരു പുരുഷനെ ഏറ്റവും ആകർഷണീയമായ രീതിയിലാകും ഞാനെന്ന സംവിധായിക സ്‌ക്രീനിൽ കാണിക്കുക”. അഞ്ജലി മേനോൻ പറഞ്ഞു.
“ഒരു സിനിമയുണ്ടാക്കുമ്പോൾ നമ്മൾ എപ്പോഴും നമുക്ക് കാണാൻ ആഗ്രഹിക്കുന്ന ലോകത്തെയാണല്ലോ കെട്ടിപ്പടുക്കാൻ ശ്രമിക്കാറുള്ളത്. സ്വന്തം വികാരങ്ങളെ മറച്ചുപിടിക്കാതെ വെളിവാക്കുന്ന ആളുകളെയാണ് ഇഷ്ടം. അതിൽ സ്ത്രീ പുരുഷ ഭേദവുമില്ല. അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങളെ എന്റെ സിനിമയിൽ കാണിക്കാൻ എനിക്ക് ഇഷ്ട്ടമാണ്. അങ്ങനെയുള്ള വ്യക്തപരമായ പ്രശ്നങ്ങളുമായി ജീവിക്കുന്ന ഒരു കഥാപാത്രത്തെ സിനിമയിൽ കാണാൻ എത്ര മനോഹരമാണ്. സിനിമയിൽ അവയൊക്കെ ഇനിയുമധികം കാണണമെന്നുണ്ട്”. അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു