
ഇതുവരെയുള്ള തന്റെ സിനിമാ കരിയറിൽ ആരുടെയെങ്കിലും ഭാര്യയോ കാമുകിയോ ആയി മാത്രമാണ് അഭിനയിച്ചതെന്ന് തുറന്നു പറഞ് പത്മപ്രിയ. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ എക്‌സ്‌പ്ലോർ ചെയുന്ന സിനിമ ഇതുവരെ ലഭിച്ചിരുന്നില്ലെന്നും ബാക്ക് സ്റ്റേജിലൂടെ ആ വിഷമം നികത്തിയെന്നും പത്മപ്രിയ പറഞ്ഞു. വണ്ടര്‍ വുമണിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ‘ബാക്ക് സ്റ്റേജ്’. പത്മപ്രിയയും റിമ കല്ലിങ്കലും ആണ് ഹ്രസ്വ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമാപ്രാന്തന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘ഞാൻ ഇതുവരെ സൗഹൃദത്തെക്കുറിച്ച് പറയുന്ന കഥാപാത്രം ചെയ്തിട്ടില്ല. ആരുടെയെങ്കിലും ഭാര്യയോ കാമുകിയോയായ വേഷങ്ങളിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധത്തെ എക്‌സ്‌പ്ലോർ ചെയ്യുന്ന സിനിമ ലഭിച്ചിട്ടില്ല. നിമിഷയുടെ കൂടെ ചെയ്ത ഒരു തെക്കൻ തല്ലുകേസ് എന്ന സിനിമയിൽ കുറച്ചൊക്കെ സഹോദരബന്ധത്തെ കുറിച്ച് പറയുന്നതായിരുന്നു. എന്നാൽ ബാക്ക് സ്റ്റേജ് എന്ന സിനിമയിൽ അങ്ങനെയല്ല. ഇത് പൂർണമായും സൗഹൃദത്തെക്കുറിച്ചാണ്, ഫീമെയിൽ സൗഹൃദത്തെക്കുറിച്ചാണ് പറയുന്നത്. ഇത് ശരിക്കും മികച്ചൊരു കാര്യമായിരുന്നു,’പത്മപ്രിയ പറഞ്ഞു.
വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് കഥകൾ ഉൾപ്പെടുത്തിയ ‘യുവ സപ്നോ കാ സഫർ’ എന്ന ആന്തോളജിയിലെ ചിത്രമാണ് ‘ബാക്ക് സ്റ്റേജ്’. 45 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കൈകാര്യം ചെയുന്ന പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ആറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വേവ്സ് ഒ.ടി.ടിയിലാണ് ബാക്ക് സ്റ്റേജ് സ്ട്രീം ചെയ്യുന്നത്. സിനിമാ മേഖലയിൽ നിന്ന് തന്നെ ഒട്ടേറെ പേരാണ് ചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുള്ളത്.
വണ്ടര്‍ വുമണിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ‘ബാക്ക് സ്റ്റേജിൽ’ ബീഫുമായി ബന്ധപ്പെട്ട സംഭാഷണം മ്യൂട്ട് ചെയ്തത് ചർച്ചയായിരുന്നു. പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായ ‘വേവ്സ്’ലാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രസാർഭാരതിയാണ് സംഭാഷണം വെട്ടിയതെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾ. ‘പണ്ടത്തെ ഹോട്ടൽ വോൾഗയില്ലേ? അതിപ്പോഴുമുണ്ടോ. അവിടുത്തെ ബീഫും പൊറോട്ടയും ഇപ്പോഴും കിട്ടോ. ഞങ്ങൾക്കെല്ലാവര്‍ക്കും അവിടുത്തെ ബീഫും പൊറോട്ടയും എത്തിച്ചുതരാൻ പറ്റുമോ? എന്നാൽ ഒരു പ്ലേറ്റ് ആ ഗൗരിദേവിക്ക് കൂടി മേടിച്ചോ’ എന്ന റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സംഭാഷണത്തിൽ നിന്നാണ് ബീഫിനെ മ്യൂട്ട് ചെയ്തിരിക്കുന്നത്. സംവിധായിക അഞ്ജലി മേനോൻ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം, മലയാള സിനിമയിൽ ഇതാദ്യമായല്ല ബീഫിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുന്നത്. 2017ൽ പുറത്തിറങ്ങിയ ബേസിൽ ജോസഫ്-ടൊവിനോ തോമസ് ചിത്രം ഗോദയും ചിലരെ ചൊടിപ്പിച്ചിരുന്നു. ബീഫും മലയാളിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് ടൊവിനോയുടെ കഥാപാത്രം വിവരിക്കുന്നത് ഹിറ്റായിരുന്നു. എന്നാൽ ചിത്രം ഹിന്ദിയിലേക്ക് മൊഴി മാറ്റിയപ്പോൾ ബീഫ് റോസ്റ്റിന് പകരം മട്ടൺ റോസ്റ്റെന്നായിരുന്നു പറഞ്ഞത്. ഇതിനിടെയായിരുന്നു കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വിൽപന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.അതോടെ വീണ്ടും ഗോദയിലെ ബീഫ്-പൊറോട്ട രംഗം വൈറലാവുകയും ചെയ്തു. ബീഫ് നിരോധനത്തിനെതിരെ സിനിമയിലെ താരങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. 2022ൽ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ബീഫ് രംഗത്തിന്‍റെ പേരിൽ നടൻ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണമുയര്‍ന്നിരുന്നു. ഹൃദയത്തിലെ ‘നഗുമോ’ എന്ന ഗാനരംഗത്തിൽ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന് പവിത്രമായ തെലുങ്ക് രാമ സങ്കീർത്തനം പശ്ചാത്തലമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകത എന്താണെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം.