
തമിഴ് എഴുതാനും വായിക്കാനും പഠിച്ചതിനുപിന്നിലെ കാരണം വെളിപ്പെടുത്തി നടി നിഖില വിമൽ. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില അനുഭവത്തെ കുറിച്ച് മനസുതുറന്നത്.
”തമിഴിൽ സംസാരിക്കുകയും, വായിക്കുകയും, എഴുതുകയും ചെയ്യും. ആദ്യം തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ തമിഴ്ഭാഷ നല്ല വശമില്ലായിരുന്നു. അതുകൊണ്ട് എന്റെ ഡയലോഗുകള്‍ എല്ലാം മലയാളത്തില്‍ പരിഭാഷ ചെയ്ത് തരുമായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഈ ഡയലോഗുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകും. അതൊക്കെ വീണ്ടും പഠിച്ച് ഷോട്ടിന് പോകുമ്പോഴേക്കും ഒരു പരുവമാകും. പലപ്പോഴും കരഞ്ഞു കൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്. തമിഴ് പഠിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവില്ലല്ലോ? അതുകൊണ്ട് തമിഴ് പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡയലോഗ് പറയുക മാത്രമല്ല, തിരക്കഥ വായിക്കുന്നതും തമിഴിലാണ്.” നിഖില പറഞ്ഞു.
മലയാളത്തില്‍ മാത്രമല്ല തമിഴിലും കയ്യടി നേടിയിട്ടുള്ള നടിയാണ് നിഖില വിമല്‍. ഒരിടവേളയ്ക്ക് ശേഷം നിഖില തമിഴിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു വാഴൈ. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ചിത്രത്തിലെ നിഖില വിമല്‍ അവതരിപ്പിച്ച അധ്യാപികയുടെ വേഷവും കയ്യടി നേടിയിരുന്നു. വാഴൈയുടെ പ്രൊമോഷന്‍ പരിപാടികളില്‍ തമിഴ് സംസാരിക്കുന്ന നിഖിലയുടെ വിഡിയോകള്‍ വൈറലായിരുന്നു. വളരെ നന്നായി തന്നെ നിഖിലയ്ക്ക് തമിഴ് സംസാരിക്കാന്‍ സാധിക്കും. നിഖിലയുടെ തമിഴിന് തമിഴ്‌നാട്ടുകാരില്‍ നിന്നും പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. ഗെറ്റ് സെറ്റ് ബേബിയാണ് നിഖിലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പെണ്ണ് കേസ്, താരം, അനന്തന്‍ കാട് എന്നിവയാണ് നിഖിലയുടേതായി അണിയറയിലുള്ള സിനിമകള്‍. സിനിമകള്‍ക്ക് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നിഖില അണലി വെബ് സീരീസിലും അഭിനയിക്കുന്നുണ്ട്.