“എന്റെ മൂന്നു വർഷമാണ് ഞാനാ ചിത്രത്തിന് നൽകിയത്, പക്ഷെ ചിത്രം ഹിറ്റായില്ല”; പാണ്ഡിരാജ്

','

' ); } ?>

സൂര്യ നായകനായെത്തിയ ‘എതർക്കും തുനിന്തവൻ’ എന്ന പരാജയ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകൻ പാണ്ഡിരാജ്. മൂന്ന് വർഷമാണ് ആ സിനിമയ്ക്കായി മാറ്റിവെച്ചതെന്നും എന്നാൽ ചില കാരണങ്ങൾ കൊണ്ട് ചിത്രം കണക്ട് ആയില്ലെന്നും പാണ്ഡിരാജ് പറഞ്ഞു. സിനി ഉലഗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൂര്യക്ക് ഫ്ലോപ്പ് നൽകിയിട്ട് മറ്റു നായകന്മാർക്ക് ഞാൻ ഹിറ്റ് കൊടുക്കുന്നു എന്ന് പറയുന്നത് സത്യമല്ല. എതർക്കും തുനിന്തവൻ എന്ന സിനിമയ്ക്ക് വേണ്ടി മൂന്ന് വർഷമാണ് ഞാൻ മാറ്റിവെച്ചത്. ഞാൻ ഏറ്റവും കൂടുതൽ സമയം മാറ്റിവെച്ചതും കഷ്ടപ്പെട്ടതും ആ സിനിമയ്ക്ക് വേണ്ടിയാണ്. പക്ഷെ ചിത്രം ഹിറ്റായില്ല. അത് നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യം അല്ലല്ലോ. കാർത്തിക്ക് ഒരു ഹിറ്റ് സിനിമ കൊടുത്തിട്ട് അതിനേക്കാൾ വലിയ ഹിറ്റ് സിനിമ സൂര്യ സാറിന് നൽകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ എന്തോ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ കണക്ട് ആയില്ല. അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. എന്റെ നിർമാതാവും ഹീറോയും സിനിമയെക്കുറിച്ച് ഹാപ്പി ആയിരുന്നു. പാണ്ഡിരാജ് പറഞ്ഞു.

ഒരു ആക്ഷൻ കൊമേർഷ്യൽ ചിത്രമായി ഒരുങ്ങിയ ‘എതർക്കും തുനിന്തവൻ’ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നില്ല. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 63 കോടി നേടിയതായാണ് റിപ്പോർട്ട്. പ്രിയങ്ക മോഹൻ, സൂരി, വിനയ് റായ്, സത്യരാജ്, ശരണ്യ പൊൻവണ്ണൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സിനിമയ്ക്കായി ഡി ഇമ്മാൻ സംഗീത സംവിധാനം നിർവഹിച്ചു. ആർ രത്നവേലു ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് റൂബൻ ആണ്. സൺ പിക്ചേഴ്സ് ആണ് സിനിമ നിർമിച്ചത്.