
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകി സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.
ചിത്രത്തിലെ രാഷ്ട്രീയ നീരീക്ഷണങ്ങളും, രാഷ്ട്രീയ ആഖ്യാനവും ഏറെ ചർച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ജാനകിയെ “സീത ദേവി”യായി കണ്ടതും, ചിത്രം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിത്രമായി കാണുന്നവരുടേയും സമീപനങ്ങള്‍ തമ്മിലുള്ള വൈരുധ്യം ചോദ്യം ചെയ്യുകയായിരുന്നു പ്രവീണ്‍.
ഒരു സുപ്രഭാതത്തില്‍ സംവിധായകനായവനല്ല താനെന്നും. സുരക്ഷിതമായ ജോലി ഉപേക്ഷിച്ചാണ് താനീ ഈ യാത്ര തുടങ്ങിയതെന്നും പ്രവീൺ പറഞ്ഞു. കൂടാതെ കേരളത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളാണ് സിനിമയിലെ ആസ്പദമെന്നും, കാലഘട്ടവും രാഷ്ട്രീയവും പ്രതിഫലിപ്പിക്കുന്ന ഒട്ടനവധി വിഷയങ്ങളാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നതെന്നും പ്രവീൺ വ്യക്തമാക്കി.
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മാധവ് സുരേഷിനെതിരായ ട്രോളുകൾക്കും പ്രവീൺ പരോക്ഷമായി മറുപടി നല്‍കി. “ഏതൊരു ജോലിക്കും അനുഭവം ചോദിക്കുന്ന ഈ രാജ്യത്ത്, അച്ഛന്റെ പാരമ്പര്യത്തിൻ്റെ തണലിലായാലും അല്ലെങ്കിലും, ആദ്യമായി അവതരിപ്പിച്ച വേഷം ഇങ്ങനെ പരിഹാസത്തിന് വിധേയമാകേണ്ട കാര്യമില്ല,” പ്രവീൺ പറഞ്ഞു.
“മമ്മൂട്ടിയുടെ ONE ചിത്രത്തിലെത്തിയ പോലെ മുഖ്യമന്ത്രിയെ അടയാളപ്പെടുത്താനുള്ള ശ്രമം ഉണ്ടായിരുന്നുവെങ്കിലും, സാമ്പത്തികമായ നിയന്ത്രണങ്ങളാല്‍ അതിന് സാധിച്ചില്ല. അത് കൊണ്ടാണ് ആ രംഗത്തെ പ്രതിനിധീകരിക്കാൻ രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ ഉപയോഗിച്ചത്. സെൻസർ ബോർഡിന്റെ അനുമതിയോടെ തന്നെയാണ് അങ്ങനെ ചെയ്തിട്ടുള്ളത്. അത് കൊണ്ട് ചിത്രത്തെ അനാവശ്യമായി രാഷ്ട്രീയ വിവാദങ്ങളിലേക്കും മതചിന്തകളിലേക്കും വലിച്ചിഴക്കരുത്. മാത്രമല്ല എനിക്ക് എല്ലാ മതസ്ഥരും സുഹൃത്തുകളാണ്. ഒരേവിധത്തില്‍ തന്നെയാണ് ഞാനവരെയെയും, അവര്‍ എന്നെയും കണ്ടിട്ടുള്ളത്.
മാധ്യമങ്ങളുടെ, പ്രത്യേകിച്ചും ചില ട്രോളുകളുടെ സമീപനം വ്യക്തിപരമായി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിനെയൊക്കെ ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷെ ട്രോളുകൾ ഒരിക്കലും നല്ളൊരു സിനിമയെ തകർക്കാനാകരുത്. ജാനകി വിദ്യാധരൻ നമ്മളിൽ ഒരാളാണ്. അവളുടെ ശബ്ദം എല്ലാവരിലേക്കും എത്തണമെന്നതാണ് എന്റെ ഒരേയൊരു ഉദ്ദേശം. മൂന്നു വര്‍ഷത്തെ പരിശ്രമമാണ് ഈ സിനിമ. കലാകാരന്മാരുടെ കൂട്ടായ പരിശ്രമമാണ് ഇത്,” പ്രവീൺ കൂട്ടി ചേർത്തു