ഞാനൊരു മോഹൻലാൽ ഫാൻ ബോയ് ആണ്, ബൃന്ദ മാസ്റ്റർ തന്ന ധൈര്യത്തിലാണ് ഡാൻസ് ചെയ്തത്; തരുൺമൂർത്തി

','

' ); } ?>

തുടരും സിനിമയിലെ പ്രമോസോങ്ങിൽ മോഹൻലാലിനൊപ്പം ഡാൻസ് ചെയ്ത അനുഭവം പങ്കുവെച്ച് തരുൺമൂർത്തി. മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിടാൻ ചാൻസ് കിട്ടുമ്പോൾ വേണ്ടെന്ന് വെക്കാൻ തന്റെ ഉള്ളിലെ ഫാൻ ബോയ് സമ്മതിച്ചില്ലെന്നും, ആദ്യം ഇത്തരം പ്ലാൻ ഉണ്ടായിരുന്നില്ലെന്നും ബൃന്ദ മാസ്റ്റർ തന്ന ധൈര്യത്തിലാണ് ഡാൻസ് ചെയ്തതെന്നും തരുൺ പറഞ്ഞു.

‘ഡാൻസ് ആ സമയത്ത് ബൃന്ദ മാസ്റ്റർ തരുൺ ചെയ്യൂ എന്ന് പറഞ്ഞതാണ്. അതൊന്നും പ്ലാൻഡ് അല്ല. ഫസ്റ്റ് ദിവസം ഷൂട്ടിൽ ഒന്നും എന്റെ മനസിൽ അങ്ങനെ ഒരു ഐഡിയ ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം രാവിലെയാണ് തരുൺ കയറി ചെയ്യൂ എന്ന് പറയുന്നത്. മാസ്റ്റർ തന്ന ധൈര്യത്തിന് പുറത്തും പിന്നെ ഒരു അവസരം അല്ലേ ലാലേട്ടനൊപ്പം സ്ക്രീൻ പങ്കിടാൻ കിട്ടുന്ന അവസരം മിസ് ചെയ്യണ്ട എന്ന് എന്റെ ഉള്ളിലെ ഫാൻ ബോയ് പറഞ്ഞുക്കൊണ്ടിരുന്നു. അങ്ങനെ ആണ് അത് ചെയ്യുന്നത്,’ തരുൺ മൂർത്തി പറഞ്ഞു.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തുടരും സിനിമയുടെ പ്രൊമോ സോങ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ട്രെൻഡിങ് ആണ് ഗാനം. ‘കൊണ്ടാട്ടം’ എന്ന് പേരിട്ടിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാറും രാജലക്ഷ്മിയും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഡോൺ മാക്‌സാണ് പ്രൊമോ സോങ് എഡിറ്റ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, ശോഭന തുടങ്ങിയവരുടെ കിടിലൻ നൃത്തച്ചുവടുകൾ തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.

അതേസമയം തുടരും എന്ന ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രം കൂടിയാണിത്. നേരത്തെ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ കയറിയിരുന്നു. ഇതോടെ നാല് 100 കോടി സിനിമകൾ സ്വന്തമായുള്ള ഏക മലയാളം നായകനുമായി മാറിയിരിക്കുകയാണ് മോഹൻലാൽ.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

അതേ സമയം കഴിഞ്ഞ ദിവസം ‘തുടരും’ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു . 2.9 കോടിയാണ് തുടരും ഇതുവരെ കർണാടകയിൽ നിന്നും നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും 1.6 കോടിയും നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ നിന്നും 1.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. മലയാളത്തിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയുടെ തെലുങ്ക് വേർഷനും ലഭിക്കുന്നത്. ആന്ധ്ര / തെലങ്കാനയിൽ നിന്ന് തുടരുമിന്റെ മലയാളം പതിപ്പ് 35 ലക്ഷം നേടിയപ്പോൾ തെലുങ്ക് വേർഷൻ 50 ലക്ഷം കടന്നു. ഇതോടെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും തുടരുമിന്റെ നേട്ടം 7.10 കോടിയായി. ആദ്യ ദിനം വെറും 90 ലക്ഷം മാത്രമായിരുന്നു സിനിമയ്ക്ക് നേടാനായത്. ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.