
പടക്കളം സിനിമയിലെ ക്ലൈമാക്സ് രംഗത്തിൽ ക്ലാസ്സിക്കൽ ഡാൻസ് അവതരിപ്പിച്ച ഇഷാൻ ശൗക്കത്തിനെതിരെയുള്ള ട്രോളുകളിൽ പ്രതികരിച്ച് പ്രൊഡ്യൂസറും നടനുമായ വിജയ് ബാബു. ഈ യുവനടൻ ഒരു ക്ലാസിക്കൽ ഡാൻസറല്ലെന്നും എന്നാൽ കഥാപാത്രത്തിന്റെ പൂർണതക്ക് വേണ്ടി അദ്ദേഹം രണ്ട് ദിവസം ക്ലാസിക്കൽ ഡാൻസ് പരിശീലിക്കുകയായിരുന്നുവെന്നും വിജയ് ബാബു പറഞ്ഞു. അൺപോപ്പുലർ ഒപീനിയൻസ് മലയാളം’ എന്ന ഗ്രൂപ്പിലാണ് അദ്ദേഹം പോസ്റ്റ് എഴുതിയത്. പടക്കളത്തെ സ്വകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദിയും പറഞ്ഞു.
‘ഈ പേജ് ഞാൻ ഫോളോ ചെയ്യുന്നുണ്ട്. പടക്കളത്തെ കുറിച്ചുള്ള ഒരുപാട് കമന്റുകൾ ഞാൻ കണ്ട. സിനിമയെ സ്വീകരിച്ച എല്ലാവർക്കും നന്ദി. പോസീറ്റിവിനെയും നെഗറ്റീവിനെയും അതുപോലെയെടുക്കുന്നു. എന്നാൽ ചില കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തത് മോശമാണെന്നും അവരെ കളിയാക്കുന്നതിലും എനിക്ക് എതിർപ്പുണ്ട്. അവരെ കാസ്റ്റ് ചെയ്യുന്നതിലെ പിന്നിലെ ചിന്തകൾ മനസിലാക്കാതെയാണ് ഇത്.
ഇഷാൻ ഷൗക്കത്തിനെ ടാർഗറ്റ് ചെയ്യുന്ന കുറച്ച് പോസ്റ്റുകൾ കാണിനിടയായി. ഒരുപാട് കഴിവുകളുള്ള ഒരു ചെറുപ്പക്കാരനാണ് അവൻ, ആ കഥാപാത്രത്തിലേക്ക് അവനെ തിരഞ്ഞെടുത്തത് പല കാരണങ്ങളാലാണ്. അവൻ പരിശീലനം ലഭിച്ച ഒരു ഡാൻസറാണ്, പക്ഷേ ക്ലാസിക്കൽ നർത്തകനല്ല. ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിച്ചതിനുശേഷം സംഗീതത്തിനനുസരിച്ച് അവസാന നിമിഷം ചില മാറ്റങ്ങൾ ഉണ്ടായിരുന്നു, രണ്ട് ദിവസത്തിനുള്ളിൽ ക്ലാസിക്കൽ സ്‌റ്റെപ്പുകൾ പരിശീലിക്കാൻ ഇഷാൻ സമ്മതിച്ചു.
അത് അവനെ ബാധിക്കുമെന്ന് കരുതി വേണമെങ്കിൽ എളുപ്പത്തിൽ എതിർക്കാൻ കഴിയും. എന്നാൽ അതൊരു കോളേജ് പരിപാടിയാണെന്നും പെർഫെക്ട് ആകണമെന്നില്ല എന്നും ഞങ്ങൾക്ക് തോന്നി. നല്ല വിമർശനങ്ങളെയെല്ലാം തന്നെ സ്വീകരിക്കുന്നു, അഭിനന്ദിക്കുന്നു എന്നാൽ യുവ നടൻമാരെ ടാർഗറ്റ് ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. കാരണം അത് അവരുടെ മനോവീര്യത്തെ ബാധിക്കും. എല്ലാവർക്കും നന്ദി,’ വിജയ് ബാബു കുറിച്ചു.
ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷനിലെത്തിയ ചിത്രമായിരുന്നു മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമായിരുന്നു തിയേറ്ററിലും ഒടിടിയിലും ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിൽ ലിജോ എന്ന കഥാപാത്രത്തെയാണ് ഇഷാൻ ശൗക്കത്ത് അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ് പടക്കളം ഒടിടിയില്‍ റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് ഒടിടിയിലും നല്ല പിന്തുണയാണ് ലഭിക്കുന്നത്.