
ലോകസിനിമയിലെ വിസ്മയമായിരുന്ന ഹംഗേറിയൻ സംവിധായകൻ ബേലാ താർ അന്തരിച്ചു. 70 വയസ്സായിരുന്നു. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രശസ്ത സംവിധായകൻ ബെൻസ് ഫ്ളീഗൗഫ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.
2022-ലെ 27-ാമത് ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവാണ് ‘ബേലാ താർ’. ബേലാ താറിൻ്റെ ആറുചിത്രങ്ങൾ മേളയിൽ അത്തവണ പ്രദർശിപ്പിച്ചിരുന്നു. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. ദ ടൂറിൻ ഹോഴ്സ് ആണ് അവസാനം പുറത്തിറങ്ങിയത്. ഡോക്യുമെൻന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്‌തിട്ടുണ്ട്. 1979 മുതൽ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഒൻപത് ഫീച്ചർ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനംചെയ്‌തത്.