
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “ഹൃദയപൂർവം” റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്തു വിട്ടു. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 28നായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക. സിനിമ ഓണം റിലീസായി ആകും എത്തുക എന്ന് നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ചിത്രം ഒരു പാൻ ഇന്ത്യൻ ടൈപ്പ് ആയിരിക്കില്ല എന്നും, ജീവിതഗന്ധിയായ കഥയായിരിക്കും അവതരിപ്പിക്കുക എന്നും സത്യൻ അന്തിക്കാട് ചിത്രത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. കൂടാതെ നേര് എന്ന സിനിമയുടെ വിജയമാണ് മാതൃകയെന്നും സംവിധായകൻ ചൂണ്ടിക്കാട്ടിയിരുന്നു.
മോഹൻലാൽ ആരാധകരും മലയാളി സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് “ഹൃദയ പൂർവം”. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്. സന്ദീപ് ബാലകൃഷ്‍ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാല്‍ അവതരിപ്പിക്കുക . മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സത്യൻ അന്തിക്കാടിന്റേതായി ഒടുവിലെത്തിയ ചിത്രം മകളായിരുന്നു. ചിത്രം വലിയ രീതിയിൽ വിജയിച്ചിരുന്നില്ല. അതിനാൽ മോഹൻലാലുമൊത്ത് എത്തുമ്പോള്‍ വലിയൊരു തിരിച്ചുവരവായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.