ധ്യാന്‍ ശ്രീനിവാസന്‍, അജുവര്‍ഗീസ്, നമിത പ്രമോദ്,നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റിമേക്ക് റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഹോസ്റ്റല്‍ എന്നാണ് ചിത്രത്തിന്റെ പേര് അശോക് സെല്‍വനാണ് ചിത്രത്തിലെ നായകന്‍.
ധ്യാനിന്റെ വേഷമാണ് അശോക് സെല്‍വന്‍ അവതരിപ്പിക്കുന്നത്. പ്രിയ ഭവാനി ശങ്കര്‍ നമിത പ്രമോദിന്റെ വേഷത്തിലെത്തുന്നു. കെപിഐ യോഗി, കൃഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. നാസറാണ് മുകേഷ് അവതരിപ്പിച്ച അച്ചന്‍ വേഷത്തില്‍ എത്തുന്നത്.
സുമന്താണ് ഹോസ്റ്റലിന്റെ സംവിധായകന്‍. പ്രവീണ്‍ കുമാര്‍ ഛായാ ഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ബോബി ശശിയാണ്. ആര്ഡ രവീന്ദ്രനാണ് നിര്‍മ്മാതാവ്.
2015ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അടി കപ്യാരേ കൂട്ടമണി.ജോണ്‍ വര്‍ഗ്ഗീസ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ സാന്ദ്ര തോമസ്, വിജയ് ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചത്. 2015 ലെ ക്രിസ്തുമസ് ദിനത്തില്‍ അടി കപ്യാരേ കൂട്ടമണി പ്രദര്‍ശനത്തിനെത്തി.അഭിലാഷ്.എസ്.നായര്‍,ജോണ്‍ വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. സംഗീതം ഷാന്‍ റഹ്‌മാന്‍,ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചാപ്പിള്ളി.
വലിയ താരനിരയോ സാമ്പത്തിക ചിലവോ ആവശ്യപെടാത്ത, ഏറെക്കുറേ ഒറ്റ ലൊക്കേഷനില്‍ തന്നെ സംഭവിക്കുന്ന സ്‌ക്രിപ്റ്റാണു സിനിമയുടെ തുരുപ്പുചീട്ട്. തിരക്കഥ എഴുതി സംവിധാനം ചെയ്ത ജോണ്‍ വര്‍ഗീസ് തന്നെയാണ് താരം. ഒരു ഹോസറ്റലുമായി ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.ബോയ്‌സ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി കയറുകയും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമ പറഞ്ഞു വെയ്ക്കുന്നുത്. പ്രേക്ഷകനെ ചിരിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ കഥ മുന്നോട്ട് പോയത്.