ജാതകം, മുഖചിത്രം, ഉത്സവമേളം തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സുരേഷ് ഉണ്ണിത്താന് ഒരുക്കുന്ന പുതിയ ഹൊറര്‍ ചിത്രമാണ് ‘ക്ഷണം ‘. തമിഴ് നടന് ഭരത്, ലാല്‍, അജ്മല്‍ അമീര്‍ ( മാടമ്പി ഫെയിം ), ബൈജു സന്തോഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ പുതുമുഖം സ്നേഹ അജിത് നായികയാവുന്നു. അഥിതി വേഷത്തില്‍ സംവിധായകന് ലാല്‍ജോസ് പ്രത്യക്ഷപ്പെടുന്നു. ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി ഒരു ഹില്‍ സ്റ്റേഷനില്‍ എത്തുന്ന ഫിലിം സ്കൂള്‍ വിദ്യാര്‍ഥികള്‍, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയില്‍ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു, അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. അവിടുന്നങ്ങോട്ടുള്ള സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന് ചിത്രീകരിക്കുന്നത്.
ഗോപി സുന്ദര്‍ ആദ്യമായി ഒരു ഹൊറര്‍ ചിത്രത്തിനു പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നു എന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. ജെമിന് ജോം അയ്യനേത്ത് ഛായാഗ്രണം നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്, ബി കെ ഹരി നാരായണന് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, വിഷ്ണു മോഹന്‍ സിത്താര എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റിങ് സോബിന്‍ എസ്. സോമന്, ശ്രീകുമാര്‍ അരൂക്കുറ്റി തിരക്കഥ,സംഭാഷണമെഴുതുന്നു. റോഷന് പിക്ചേര്‍സ്, റെജി തമ്പി ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താന് എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്. ദേവന്,പി ബാലചന്ദ്രന്,പി ശ്രീകുമാര്‍,കൃഷ്,ആനന്ദ് രാധാകൃഷ്ണന്,വിവേക്,സോന സിത്താര,ലേഖാ പ്രജാപതി, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.