
ഹണിറോസിനെ കുറിച്ചുള്ള സംവിധായകൻ വിനയന്റെ വാക്കുകൾ വൈറലായതിനു പിന്നാലെ സംഭവത്തിൽ പ്രതികരണമറിയിച്ച് നടി ഹണിറോസ്. വിനയനുമായി വലിയ ആത്മബന്ധമാണുള്ളതെന്നും, അദ്ദേഹം തന്നെ ബൂസ്റ്റ് ചെയ്യാനായി മാത്രം പറഞ്ഞ ചില കാര്യങ്ങളാണ് പിന്നീട് വൈറലായതെന്നും ഹണി റോസ് പറഞ്ഞു. അബുദാബിയിൽ മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ കേരള പ്രോപ്പർട്ടി എക്സ്പോയിൽ സംസാരിക്കുകയായിരുന്നു ഹണി റോസ്.
“വിനയനുമായി വലിയ ആത്മബന്ധമാണുള്ളത്. അദ്ദേഹം എന്നെ ബൂസ്റ്റ് ചെയ്യാനായി മാത്രം പറഞ്ഞ ചില കാര്യങ്ങളാണ് പിന്നീട് വൈറലായത്. തന്നെയുമല്ല ബോച്ചെ വിഷയത്തിൽ ബോൾഡായി തന്നെ പ്രതികരിക്കാനായി. ലൈഫിൽ പല സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടിവരും. അത് കഴിഞ്ഞു. സിനിമയിൽ നിലനിൽക്കുക എന്നത് വലിയ വെല്ലുവിളിയാണ്. കടിച്ചുതൂങ്ങിയാണ് സിനിമയിൽ നിൽക്കുന്നത് എന്നുപറഞ്ഞത് ഇങ്ങനെയുള്ള വെല്ലുവിളികൾ കൊണ്ടാണ്. ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിനിടയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് റേച്ചൽ.” ഹണി റോസ് പറഞ്ഞു.
റേച്ചലിന്റെ ട്രെയിലർ ലോഞ്ചിനിടെ നടിയെക്കുറിച്ച് വിനയൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ന് മലയാളി നടിമാർ 10 സിനിമയ്ക്ക് വാങ്ങുന്ന ശമ്പളം, ഹണി റോസ് ഒരു വർഷത്തിൽ ഉണ്ടാക്കും എന്നായിരുന്നു വിനയന്റെ വാക്കുകൾ.
ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന റേച്ചൽ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും ‘റേച്ചല്‍’ എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എൻ.എം.ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നത്.