
തന്റെ ചിന്തകൾ കൊണ്ടും അഭിപ്രായങ്ങൾകൊണ്ടും ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് “മൈത്രേയൻ”. ഒരു എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമെന്നതിനപ്പുറത്തേക്ക് അയാൾ വളർന്നു നിൽക്കുന്നതും അയാളുടെ നിലപാടുകളും, തുറന്നടിച്ചുള്ള അഭിപ്രായങ്ങളും കൊണ്ടാണ്. ഇപ്പോഴിതാ വിശ്വാസങ്ങളെ കുറിച്ചും മതങ്ങളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് മൈത്രേയൻ. “സ്വർഗ്ഗവും നരകവും മര്യാദകെട്ട മനുഷ്യരുടെ സങ്കല്പങ്ങളാണെന്നും, മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന സമൂഹ വിരുദ്ധ കേന്ദ്രങ്ങളാണ് വീടുകളെന്നുമാണ്” മൈത്രേയന്റെ അഭിപ്രായം. കൂടാതെ ദൈവം മനുഷ്യന്റെ സൃഷ്ടിയാണെന്നും സ്നേഹിക്കാൻ അറിയാത്ത കൊലയാളി ദൈവങ്ങളെ മാത്രം ഉണ്ടാക്കിയ നാടാണ് ഇന്ത്യയെന്നും മൈത്രേയൻ കൂട്ടി ചേർത്തു.
സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൈത്രേയൻ.
“ഒരു മനുഷ്യനും വിശ്വാസിയായല്ല ജനിക്കുന്നത്. വളരുമ്പോൾ മുതൽ പറഞ്ഞ് പഠിപ്പിച്ചാണ് വിശ്വാസിയാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന സമൂഹ വിരുദ്ധ കേന്ദ്രങ്ങളാണ് വീടുകളെന്ന് ഞാൻ പറയും. മനുഷ്യൻ ഉണ്ടാക്കിയ സങ്കല്പങ്ങളാണ് ദൈവമെന്ന് എനിക്ക് ബോധ്യമുള്ള കാര്യമാണ്. അന്യരെ വെറുക്കാൻ പഠിപ്പിക്കുന്നത്, അന്യരുടെ കൂടെ ജീവിക്കരുതെന്ന് പഠിപ്പിക്കുന്നത്, നമ്മൾ സ്പെഷ്യൽ ആണെന്ന് പഠിപ്പിക്കുന്നതൊക്കെ ഈ പറയുന്ന ദൈവ വിശ്വാസമാണ്. ദൈവം ഉണ്ടെങ്കിൽ മറ്റൊരു ജീവിയെ തിന്ന് നിലനിൽക്കുന്ന സമൂഹത്തെ ഒരിക്കലും ഉണ്ടാക്കുമായിരുന്നില്ല. പിന്നെ സ്വർഗ്ഗത്തിലും നരകത്തിലും ഞാൻ വിശ്വസിക്കുന്നില്ല. കാരണം അത് രണ്ടും മര്യാദകെട്ട മനുഷ്യരുടെ സങ്കല്പങ്ങളാണ്”. മൈത്രേയൻ പറഞ്ഞു.
“ഞാനീ പറയുന്ന ബൈബിളും, ഖുർആനും, രാമായണവും ഒക്കെ വായിച്ചതാണ്. ഒന്നും ഒരു വകയ്ക്ക് കൊള്ളത്തില്ല. അതൊക്കെ എടുത്ത് കുപ്പത്തൊട്ടിയിൽ കളയുകയാണ് വേണ്ടത്. കാരണം ജീവിതം ദൈവത്തിനു പരീക്ഷിക്കാനുള്ള പരീക്ഷണ ശാലയാണെന്ന് മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാനുണ്ടാക്കിയതാണതെല്ലാം. അതിനകത്ത് പഠിപ്പിക്കുന്നത് മുഴുവൻ താണു വീണ് ജീവിക്കാനാണ്. അങ്ങനെ ജീവിക്കാൻ വേണ്ടി പണ്ടുള്ള ഉന്നതന്മാരുണ്ടാക്കിയതാണീ പറയുന്ന പുസ്തകങ്ങളെല്ലാം. പിന്നെ ഈ പറയുന്ന വിശ്വാസവും മതവും രണ്ടാണ്. വിശ്വാസങ്ങളൊന്നും മതം ഉണ്ടാക്കിയതല്ല. മനുഷ്യന്മാർക്കുണ്ടായ തെറ്റിദ്ധാരണകൾക്കാണ് വിശ്വാസം എന്ന് പറയുന്നത്. അതിനെയെല്ലാം കോർത്തിണക്കി ആളുകളെ നിയന്ത്രിക്കാനുണ്ടായ സിസ്റ്റത്തിനെയാണ് മതമെന്ന് പറയുന്നത്. ഈ പറയുന്ന മതമോ വിശ്വാസമോ മനുഷ്യനെ തുല്യരായിരിക്കാൻ പഠിപ്പിക്കുന്നില്ല. മൈത്രേയൻ കൂട്ടിച്ചേർത്തു.