
കാന്താര 2 സിനിമയിൽ അഭിനയിക്കാൻ എത്തിയ മലയാളി ജൂനിയർ ആർട്ടിസ്റ്റ് എം.എഫ്. കപിലന്റെ ദാരുണ മരണത്തിൽ വിശദീകരണവുമായി ഹോംബാലെ ഫിലിംസ്. , സംഭവം സിനിമയുടെ ചിത്രീകരണത്തിനിടയിലല്ലെന്നാണ് നിർമാതാക്കളുടെ വിശദീകരണം. കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് കപിലൻ മുങ്ങിമരിക്കുന്നത്. കൂടാതെ കപിലന്റെ മരണത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
“ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം.എഫ്. കപിലിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം അറിയിക്കുന്നു. എന്നാൽ, സിനിമയുടെ സെറ്റിൽ വച്ചല്ല സംഭവം നടന്നത് എന്ന് വിനയപൂര്‍വ്വം വ്യക്തമാക്കുകയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,” എന്ന് ഹോംബാലെ ഫിലിംസ് പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൂടാതെ “ഈ ദാരുണ സംഭവത്തെ ചിത്രവുമായോ അതിന്റെ അണിയറപ്രവർത്തകരുമായോ ബന്ധിപ്പിക്കരുതെന്നും ഹോംബാലെ ഫിലിംസ് പറഞ്ഞു.
സംഭവം നടന്ന ചൊവ്വാഴ്ച സിനിമയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ കാര്യങ്ങൾക്കാണ് കപിലൻ നദിയിലിറങ്ങിയത് എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. വൈക്കം സ്വദേശിയായ കപിലന്‍ തെയ്യം കലാകാരനുമായിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ അദ്ദേഹം മുങ്ങിയതായാണ് വിവരം.
സഹപ്രവർത്തകർ ഉടൻ തന്നെ അദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ച കപിലൻ ‘കാന്താര 2’യിലെ അഭിനയത്തിനായി മൂകാംബികയിലെത്തിയതായിരുന്നു.
“ഈ ദാരുണ സംഭവത്തെ ചിത്രവുമായോ അതിന്റെ അണിയറപ്രവർത്തകരുമായോ ബന്ധിപ്പിക്കരുത്” എന്ന ഹോംബാലെയുടെ ആവശ്യം മാധ്യമങ്ങൾക്കും ജനങ്ങൾക്കുമായി പറഞ്ഞു.