
നിലവില്‍ താമസമില്ലാത്ത മണാലിയിലെ വീടിന് ഒരുലക്ഷം രൂപ വൈദ്യുതി ബില്ലിട്ടെന്ന നടിയും എംപിയുമായ കങ്കണ റണൗട്ടിന്റെ ആരോപണത്തിന് ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ് മറുപടിയുമായി രംഗത്തെത്തി. ബില്‍ തുക പല കാലത്തായി അടച്ചിട്ടില്ലാത്ത കുടിശ്ശികയും രണ്ടുമാസത്തെ ഉപയോഗവും ചേര്ത്തുള്ളതാണെന്നതാണ് ബോര്‍ഡിന്റെ വിശദീകരണം.
കങ്കണയുടെ വീടിന് ഈ മാസം വന്ന ബില്‍ ഒരുലക്ഷമല്ല, 90,384 രൂപ മാത്രമാണ് എന്നാണ് ബോർഡിന്റെ വിശദീകരണം. കഴിഞ്ഞ ജനുവരി 16ന് ശേഷം കങ്കണ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശ് വൈദ്യുതി ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. കങ്കണ സ്ഥിരമായി ബില്‍ അടവ് വൈകിപ്പിക്കാറുള്ളവരിലൊരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചിലെ ബില്‍ മാത്രം 55,000 രൂപയോളം ആയി. കൂടാതെ, 32,000 രൂപയുടെ പഴയ കുടിശ്ശികയും ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നവംബര്‍, ഡിസംബര്‍ മാസത്തെ ബില്‍ കങ്കണ ജനുവരി 16ന് അടച്ചതോടെ, ജനുവരി-ഫെബ്രുവരി മാസത്തിലെ ബില്‍ കൂടി അടക്കാനുണ്ടെന്നും സന്ദീപ് കുമാര്‍ വ്യക്തമാക്കി.
സാധാരണ വീടുകളേക്കാള്‍ 1500% അധികമാണ് കങ്കണയുടെ വീട്ടിലെ വൈദ്യുതി ഉപയോഗം. എന്നിരുന്നാലും, 700 രൂപയുടെ സബ്സിഡി താരത്തിന് ലഭിച്ചിട്ടുണ്ട്. ‘ബില്‍ കണ്ട് തനിക്ക് ലജ്ജ തോന്നി’ എന്ന് കങ്കണ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത് സംബന്ധിച്ചും ബോര്‍ഡ് പ്രതികരിച്ചു. ഇത്തരം പരസ്യപ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് കങ്കണ ബോര്‍ഡിനെ സമീപിക്കേണ്ടിയിരുന്നുവെന്നും ബോര്‍ഡ് വക്താക്കള്‍ പറഞ്ഞു.