
നടന്‍ നിവിന്‍പോളിക്കെതിരായ വഞ്ചനാക്കേസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിര്‍മാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. സംവിധായകന്‍ എബ്രിഡ് ഷൈനിനെതിരേയും നായകന്‍ നിവിന്‍ പോളിക്കെതിരേയുമായിരുന്നു പി.എസ്. ഷംനാസ് പരാതി നൽകിയിരുന്നത്.
നിര്‍മാതാവും ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് ഉടമയുമായ ഷംനാസ് നല്‍കിയ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം തലയോലപ്പറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ചെയ്തത്. ആക്ഷന്‍ ഹീറോ ബിജു രണ്ടാംഭാഗം നിര്‍മിക്കുന്നതിന് കരാറിലേര്‍പ്പെട്ടശേഷം ചിത്രത്തിന്റെ പകര്‍പ്പവകാശം, നിര്‍മാതാവ് അറിയാതെ മറിച്ചുവിറ്റെന്നായിരുന്നു പരാതി.
മഹാവീര്യർ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.എ. ഷംനാസിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ബിജു 2വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി 1 കോടി 90 ലക്ഷം പി.എ. ഷംനാസ് കൈമാറുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനു ശേഷം എബ്രിഡ് ഷൈനിന്റെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിന്നും പി.എ. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തന്നെ മറച്ചുവെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമായിരുന്നു ഷംനാസിന്റെ പരാതി.