
‘ആരോമലേ’ എന്ന പുതിയ ചിത്രത്തിൽ ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന സിനിമയിലെ ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി. പകർപ്പവകാശലംഘനം ചൂണ്ടിക്കാണിച്ച് നിർമാതാക്കളായ ആർഎസ് ഇൻഫൊടെയ്ൻമെന്റ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ. സെന്തിൽകുമാറിന്റെ കീഴിലുള്ള ബെഞ്ചിന്റേതാണ് തീരുമാനം.
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന സിനിമയിലെ ചില ദൃശ്യങ്ങളും പശ്ചാത്തലസംഗീതവും ഇതിൽ കടന്നുവരുന്നുണ്ട്. സിനിമയുടെ നിർമാതാക്കളായ തങ്ങൾക്കാണ് വിണ്ണൈ താണ്ടി വരുവായായിലെ ദൃശ്യങ്ങളുടെയും സംഗീതത്തിന്റെയും അവകാശം. അനുമതി കൂടാതെയാണ് അത് പുതിയ സിനിമയിൽ ഉപയോഗിച്ചത്, എന്നിങ്ങനെയായിരുന്നു ആർ.എസ്. ഇൻഫൊടെയ്ൻമെന്റ് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ ഗൗതം മേനോൻ ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ. തൃഷയും ചിമ്പുവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ പാട്ടുകളൊക്കെ ഇന്നും റിപ്പീറ്റ് വാലിയൂ ഉള്ളവയാണ്. അതേ സമയം നവാഗത സംവിധായകനായ സാരംഗ് ത്യാഗുവിന്റെ ആരോമലേ നവംബർ ഏഴിനാണ് പ്രദർശനത്തിയത്. വൈകാതെ ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം പ്രദർശിപ്പിക്കുമ്പോൾ തങ്ങളുടെ സിനിമയിലെ ദൃശ്യങ്ങൾ നീക്കംചെയ്യാൻ നിർദേശിക്കണമെന്ന് ഹർജിക്കാർ ചൂണ്ടി കാണിച്ചിരുന്നു.