
സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒത്തുതീർപ്പായെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ ഹൈക്കോടതിയിൽ അറിയിച്ചു. ഷാൻ റഹ്മാന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ജസ്റ്റിസ് സി പ്രദീപ് കുമാർ കേസിലെ തുടർ നടപടികൾ റദ്ദാക്കി.ഷാൻ റഹ്‍മാനും ഭാര്യക്കുമെതിരായിരുന്നു കേസ്.കേസ് ഒത്തുതീർപ്പായി എന്ന് വ്യക്തമാക്കി പരാതിക്കാരനും സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.
കൊല്ലം സ്വദേശി നിജു രാജിന്റെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസായിരുന്നു ഷാൻ റഹ്‌മാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഷാൻ റഹ്‌മാൻ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. പരിപാടിയുടെ ഡയറക്ടർ നിജുരാജ് സാമ്പത്തികമായി തങ്ങളെ വഞ്ചിച്ചെന്നും സത്യം മനസ്സിലാക്കാതെ പലരും തനിക്കെതിരെ ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും ഷാൻ റഹ്മാൻ പറഞ്ഞിരുന്നു. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശല്യം സഹിക്കാനാകാതെ നൽകിയ അഞ്ച് ലക്ഷം രൂപ തിരികെ കൊടുത്തുവെന്നും ഷാൻ പറഞ്ഞു. സോഷ്യൽ മീഡിയിൽ വീഡിയോ പങ്കുവെച്ചാണ് ഷാൻ റഹ്മാൻ പ്രതികരിച്ചത്.
ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമാണ് ഷാൻ റഹ്മാൻ. മലർവാടി ആർട്സ് ക്ലബ് (2010), തട്ടത്തിൻ മറയത്ത് (2012), തിര (2013), ഓം ശാന്തി ഓശാന (2014), ഓർമ്മയുണ്ടോ ഈ മുഖം (2014), ആട് (2015), ഒരു വടക്കൻ സെൽഫി (2015), അടി കപ്യാരേ കൂട്ടമണി (2015), വേട്ട (2016), ജേക്കബിന്റെ സ്വർഗ്ഗരാജ്യം (2016), ആൻമരിയ കലിപ്പിലാണ് (2016), ഗോദ (2017), വെളിപാടിന്റെ പുസ്തകം (2017), ഒരു അഡാർ ലവ് (2018) തുടങ്ങിയവയാണ് സംഗീത സംവിധാനം നിർവ്വഹിച്ച പ്രധാന ചലച്ചിത്രങ്ങൾ. വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രശസ്തമാവുകയും സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പേർ കേൾക്കുകയും ചെയ്ത ഗാനങ്ങളാണ്. നിലവിൽ ഷാനിപ്പോൾ മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ്.
ജോണി ആന്റണി സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ പട്ടണത്തിൽ ഭൂതം എന്ന ചലച്ചിത്രമാണ് ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. സുഹൃത്തും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസനോടൊപ്പം 2008ൽ ഷാൻ ചെയ്ത സംഗീത ആൽബത്തിനുശേഷമാണ് ഈ പട്ടണത്തിൽ ഭൂതത്തിൽ സംഗീത സംവിധായകനാകാനുള്ള അവസരം ലഭിച്ചത്. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലെ ഗാനങ്ങൾക്കും സംഗീതം നൽകി. വിനീത് ശ്രീനിവാസൻ തന്നെ സംവിധാനം ചെയ്ത് 2012ൽ തട്ടത്തിൻ മറയത്താണ് സംഗീതം നൽകിയ മൂന്നാമത്തെ ചലച്ചിത്രം. തട്ടത്തിൻ മറയത്തിലെ ഗാനങ്ങൾ വളരെ വേഗം പ്രശസ്തമാവുകയുണ്ടായി.ഈ ചലച്ചിത്രത്തിലെ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം തന്റെ ഇഷ്ടഗാനങ്ങളിലൊന്നാണെന്ന് സംഗീത സംവധായകൻ എം. ജയചന്ദ്രൻ പറയുകയുണ്ടായി. 2014ൽ തട്ടത്തിൻ മറയത്തിന്റെ തെലുഗു റീമേക്കായ സാഹേബ സുബ്രഹ്മണ്യം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം നൽകി.
2018 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ജനശ്രദ്ധയാകർഷിച്ചു. വിനീത് ശ്രീനിവാസനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി 9ന് ഈ ഗാനം യൂട്യൂബിലൂടെ റിലീസ് ചെയ്തു. മികച്ച പ്രതികരണങ്ങൾ ലഭിച്ച ഈ ഗാനത്തിന് ഒരു ദിവസത്തിനുള്ളിൽ 50,000 ലൈക്കുകൾ ലഭിച്ചു. പി.എം.എ. ജബ്ബാർ എന്ന മാപ്പിളപ്പാട്ട് കവി രചിച്ച കവിതയാണ് ഈ ഗാനം. 1978ൽ ഈ ഗാനം തലശ്ശേരി കെ. റഫീഖ് ഈണം നൽകി അവതരിപ്പിച്ചിട്ടുണ്ട്.