
ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ടീസറിനെക്കുറിച്ചുള്ള ഒരു സൂചന നൽകി നടൻ ഹൃത്വിക് റോഷൻ. തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ട്വീറ്റിലൂടെയാണ് ഹൃത്വിക് ടീസറിന്റെ സൂചന നൽകിയത്. ‘ഹേയ്, ജൂനിയർ എൻടിആർ ഈ വർഷം മെയ് 20 ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമെന്ന് ഞാൻ കരുതുന്നു? എന്നെ വിശ്വസിക്കൂ, എന്താണ് വരുന്നതെന്ന് നിങ്ങൾക്ക് ഒരു ധാരണയുമില്ല’, എന്നാണ് ജൂനിയർ എൻടിആറിനെ ടാഗ് ചെയ്തുകൊണ്ട് ഹൃത്വിക് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
സിനിമയുടെ ടീസർ മെയ് 20 ന് പുറത്തിറങ്ങുമെന്നാണ് സൂചന. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ നിർമാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘വാർ’, ‘പത്താൻ’, ‘ടൈഗർ 3’ എന്നീ സിനിമകൾക്ക് ശേഷം സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ചിത്രമാണിത്.
ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന ‘വാർ 2’ ഇനി ഈ യൂണിവേഴ്സിൽ നിന്ന് റിലീസ് ചെയ്യാനുള്ള ഏറ്റവും പുതിയ ചിത്രം. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ട് ഇപ്പോൾ നടക്കുകയാണ്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ജൂനിയർ എൻടിആർ എത്തുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.