
മലയാളികളുടെ ജീവിതത്തെയും ഭാഷയെയും ചിരിയെയും കണ്ണീരിനെയും ഒരുപോലെ സ്വന്തമാക്കിയ എഴുത്തുകാരൻ. “ബേപ്പൂർ സുൽത്താൻ” എന്ന അപരനാമംപോലെ തന്നെ രാജകീയമായ സ്വാതന്ത്ര്യത്തോടെ എഴുതുകയും ജീവിക്കുകയും ചെയ്ത മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ. ബഷീറിനെക്കുറിച്ച് എഴുതുമ്പോൾ വാക്കുകൾക്ക് പോലും ബഷീർ ശൈലി പിടിപെടുന്ന ഒരു അത്ഭുതമുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. മലയാള സാഹിത്യത്തിലെ ‘സുൽത്താന്‘ സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
മലയാള സാഹിത്യത്തിലെ ‘സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ, തന്റെ ലളിതവും എന്നാൽ അഗാധവുമായ ശൈലിയിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാകുമ്പോൾ, അക്ഷരങ്ങളിലൂടെ അദ്ദേഹം തീർത്ത ആ മാന്ത്രികലോകം മലയാള സിനിമയെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് പരിശോധിക്കുന്നത് ഏറെ പ്രസക്തമാണ്. ബഷീറിന്റെ കൃതികൾ വെറും കഥകളല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരങ്ങളാണ്. അതുകൊണ്ടുതന്നെ അവ വെള്ളിത്തിരയിലേക്ക് പകർത്തുമ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് കാലാതീതമായ ദൃശ്യവിരുന്നുകളാണ്.
ബഷീറും സിനിമയും തമ്മിലുള്ള ബന്ധം പരാമർശിക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ‘ഭാർഗ്ഗവീനിലയം’ എന്ന ചിത്രമാണ്. മലയാളത്തിലെ ആദ്യത്തെ ഹൊറർ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയുള്ളതായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പിൽക്കാലത്ത് ‘നീലവെളിച്ചം’ എന്ന പേരിൽ തന്നെ ആഷിഖ് അബു ഈ ചിത്രം വീണ്ടും സിനിമയാക്കിയതും ബഷീർ സാഹിത്യത്തിന്റെ പ്രസക്തി ഇന്നും ചോർന്നുപോയിട്ടില്ല എന്നതിന് തെളിവാണ്.
അതുപോലെതന്നെ മലയാളികൾ നെഞ്ചേറ്റിയ ചിത്രമാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മതിലുകൾ’. മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായ വൈക്കം മുഹമ്മദ് ബഷീർ എന്ന കഥാപാത്രം, സിനിമയും സാഹിത്യവും തമ്മിലുള്ള മനോഹരമായ ഇഴചേരലിന്റെ ഉത്തമ ഉദാഹരണമാണ്. ബഷീറിന്റെ ‘ബാല്യകാലസഖി’ എന്ന നോവൽ പലതവണ സിനിമയായിട്ടുണ്ട്. മജീദും സുഹ്റയും മലയാളിയുടെ പ്രണയത്തിന്റെ അടയാളങ്ങളായി മാറിയത് ഈ ദൃശ്യാവിഷ്കാരങ്ങളിലൂടെ കൂടിയാണ്. അദ്ദേഹത്തിന്റെ ‘ന്റുപ്പുപ്പായ്ക്കൊരാനേണ്ടാർന്നു’ എന്ന കൃതിയും സിനിമയ്ക്ക് വലിയ പ്രചോദനമായിട്ടുണ്ട്. ബഷീറിന്റെ കഥകളിലെ നർമ്മവും ദർശനവും മനുഷ്യത്വവും സിനിമയിലേക്ക് പകർത്തുമ്പോൾ അവയ്ക്ക് പ്രത്യേകമായൊരു ജീവൻ ലഭിക്കുന്നു. തമാശയ്ക്കുള്ളിലും വലിയൊരു നോവ് ഒളിപ്പിച്ചുവെക്കുന്ന ബഷീറിയൻ ശൈലി മലയാള സിനിമയിലെ പല സംവിധായകർക്കും തിരക്കഥാകൃത്തുകൾക്കും എന്നും ഒരു പാഠപുസ്തകമാണ്.
1908 ജനുവരി 21-ന് തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ജനനം. കായി അബ്ദുർറഹ്മാനും കുഞ്ഞാത്തുമ്മയും ആയിരുന്നു മാതാപിതാക്കൾ. ആറു മക്കളിൽ മൂത്തവനായിരുന്നു ബഷീർ. ബാല്യകാലം മുതൽ തന്നെ ജീവിതം അദ്ദേഹത്തെ സാഹിത്യത്തിന്റെ ക്ലാസ് മുറികൾക്കപ്പുറമുള്ള ജീവിതത്തിന്റെ തുറന്ന പാഠശാലയിലേക്ക് കൊണ്ടുപോയി.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയെ കാണാൻ കോഴിക്കോട്ടേക്ക് ഒളിച്ചോടിയ കുട്ടി, പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീയിൽ ചുട്ടുപഴുത്ത യുവാവായി. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിലിലായി. പക്ഷേ ജയിലുകൾ ബഷീറിനെ തളർത്തിയില്ല അവ അദ്ദേഹത്തിന്റെ എഴുത്തിന് പുതിയ മതിലുകൾ തീർത്തു. പിന്നീടുള്ള ജീവിതം ഒരു ദേശസഞ്ചാരത്തിന്റെ കഥയാണ്. സന്യാസി, സൂഫി, കൂലിപ്പണിക്കാരൻ, വീട്ടുജോലിക്കാരൻ, ഇന്ദ്രജാലക്കാരന്റെ സഹായിയെന്നിങ്ങനെ വിവിധ വേഷങ്ങളിൽ ഇന്ത്യയിലുടനീളം ബഷീർ സഞ്ചരിച്ചു. കറാച്ചിയിൽ ഹോട്ടൽ നടത്തി, ലാഹോറിൽ Civil and Military Gazette-ൽ കോപ്പി ഹോൾഡറായി ജോലി ചെയ്തു. അറേബ്യയും ആഫ്രിക്കയും വരെ നീണ്ട ഈ യാത്രകളിൽ അദ്ദേഹം കണ്ട മനുഷ്യരാണ് പിന്നീട് ബഷീറിന്റെ കഥകളിലെ ജീവനുള്ള കഥാപാത്രങ്ങൾ.
ബഷീറിന്റെ എഴുത്തിനെ മലയാള സാഹിത്യത്തിൽ വേറിട്ടുനിർത്തുന്നത് ഭാഷയാണ്. സാധാരണക്കാരന്റെ സംസാരഭാഷ, ഗ്രാമീണ പ്രയോഗങ്ങൾ, തെറ്റുകൾ പോലും തെറ്റല്ലാതാക്കുന്ന സ്വാതന്ത്ര്യം ഇതെല്ലാം ചേർന്നതാണ് “ബഷീർ ശൈലി”. ബഡുക്കൂസ്, ലൊഡുക്കൂസ്, ഉമ്മിണിശ്ശ, ബുദ്ദൂസ്, ഇമ്മിണി ബല്യ ഒന്ന് തുടങ്ങിയ വാക്കുകൾ സാഹിത്യത്തിൽ ഇടം പിടിച്ചത് ബഷീറിലൂടെ തന്നെയാണ്. ഭാഷയെ അലങ്കരിക്കാൻ അല്ല, മറിച്ച് ജീവിപ്പിക്കാൻ അദ്ദേഹം ഉപയോഗിച്ചു.
അതോടൊപ്പം, ബഷീറിന്റെ ലോകം നിറഞ്ഞത് അതുവരെ സാഹിത്യത്തിൽ അപരിചിതരായ മനുഷ്യരാൽ ആയിരുന്നു ജയിലൽ പുള്ളികൾ, ഭിക്ഷക്കാരൻമാർ, പട്ടിണിക്കാർ, വേശ്യകൾ, സ്വവർഗാനുരാഗികൾ. സമൂഹത്തിന്റെ പുറംതള്ളപ്പെട്ടവരെ അദ്ദേഹം കരുണയോടെ, ചിലപ്പോൾ ഹാസ്യത്തോടെ, എന്നാൽ എപ്പോഴും മാനവികതയോടെ സമീപിച്ചു. മനുഷ്യരെ മാത്രമല്ല, ആടുകളും പട്ടികളും പൂച്ചകളും കാക്കകളും, എന്തിന് മതിലുകൾ വരെ ബഷീറിന്റെ കഥാപാത്രങ്ങളായി മാറി.
“തങ്കം” എന്ന കഥയിലൂടെയാണ് ബഷീർ സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് പ്രേമലേഖനം, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, മതിലുകൾ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, സ്ഥലത്തെ പ്രധാന ദിവ്യൻ തുടങ്ങിയ കൃതികൾ മലയാള സാഹിത്യത്തിന്റെ അനശ്വരങ്ങളായി മാറി. ബഷീറിന്റെ പ്രണയം പോലും വ്യത്യസ്തമാണ്. പ്രേമലേഖനത്തിലെ പ്രണയം ലാളിത്യവും നിഷ്കളങ്കതയും ചേർന്നതാണ്. ബാല്യകാലസഖിയിലെ മജീദും സുഹറയും മലയാളിയുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു. മതിലുകൾ എന്നാൽ ഏകാന്തതയും സ്വാതന്ത്ര്യവും പ്രണയവും ഒന്നിക്കുന്ന ഒരു അപൂർവ നോവൽ. മനുഷ്യനും മതിലും തമ്മിലുള്ള സംഭാഷണം സാഹിത്യത്തിൽ സാധ്യമാക്കിയത് ബഷീറാണ്.
ബഷീറിന്റെ കഥകളെയും നോവലുകളെയും ആസ്പദമാക്കി ഒമ്പതോളം സിനിമകൾ മലയാളത്തിൽ നിർമ്മിക്കപ്പെട്ടു. 1964-ൽ നീലവെളിച്ചം എന്ന കഥയെ ആധാരമാക്കി എ. വിൻസന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം മലയാള സിനിമയിലെ ആദ്യ ഹൊറർ ക്ലാസിക്കായി മാറി. കഥ, തിരക്കഥ, സംഭാഷണം എല്ലാം ബഷീർ തന്നെയായിരുന്നു. ആറു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭാർഗവീനിലയം മലയാള സിനിമയിൽ അതുല്യമായി നിൽക്കുന്നത് ബഷീറിന്റെ ആഖ്യാനശക്തി കൊണ്ടാണ്.
ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകൾ, പ്രേമലേഖനം, മതിലുകൾ ഇവയെല്ലാം ബഷീറിന്റെ സാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണങ്ങളാണ്. പ്രത്യേകിച്ച് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മതിലുകൾ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച ബഷീർ കഥാപാത്രം മലയാള സിനിമയിലെ മികച്ച അഭിനയങ്ങളിൽ ഒന്നായി മാറി. അതിന് ദേശീയ പുരസ്കാരവും ലഭിച്ചു. കൂടാതെ അഭിനയവും അദ്ദേഹത്തിന് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എ.ടി. അബു സംവിധാനം ചെയ്ത ധ്വനി എന്ന ചിത്രത്തിൽ, ആശുപത്രിയിൽ നെടുമുടി വേണുവിനെ സന്ദർശിക്കുന്ന അതിഥിയായി ബഷീർ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. വെള്ള ജുബ്ബയും മുണ്ടും ധരിച്ച ബഷീർ, ഒരു നിമിഷംകൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിലേക്ക് കടന്നുകയറി. സാഹിത്യവും സിനിമയും തമ്മിലുള്ള ഈ അപൂർവ സംഗമം ബഷീറിന്റെ ജീവിതത്തോടുള്ള സത്യസന്ധതയാണ്.
ബഷീർ സംഗീതപ്രേമിയുമായിരുന്നു. പ്രത്യേകിച്ച് ഗസലുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രസിദ്ധമാണ്. സിന്ദഗി എന്ന ചിത്രത്തിലെ ‘സോജാ രാജകുമാരി’ അദ്ദേഹത്തിന്റെ പ്രിയഗാനങ്ങളിലൊന്നായിരുന്നു. 1957 ഡിസംബർ 18-ന്, അമ്പതാം വയസ്സിൽ, ബഷീർ ഫാത്തിമ ബീവിയെ വിവാഹം ചെയ്തു. ‘ഫാബി ബഷീർ’ എന്ന പേരിൽ അറിയപ്പെട്ട ഫാത്തിമ ബീവി, ബഷീറിന്റെ ജീവിതത്തിന്റെ ഭാഗം മാത്രമല്ല, അദ്ദേഹത്തിന്റെ സാഹിത്യത്തിന്റെ നിശ്ശബ്ദ സാക്ഷിയുമായിരുന്നു. ബഷീറിനൊപ്പമുള്ള 36 വർഷത്തെ ജീവിതത്തെക്കുറിച്ച് ഫാബി എഴുതിയ “ബഷീറിന്റെ എടിയേ” എന്ന ആത്മകഥ, ബഷീറിനെ മറ്റൊരു തലത്തിൽ നമ്മളെ കാണിക്കുന്നു. ബേപ്പൂരിലെ വയലാലിൽ എന്ന വീട്ടിലായിരുന്നു ബഷീറിന്റെ അവസാന കാലം.
സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ്, വള്ളത്തോൾ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, പ്രേംനസീർ അവാർഡ് ബഷീറിനെ തേടി നിരവധി ബഹുമതികൾ എത്തി. 1982-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. 1985-ൽ മതിലുകൾ എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
1994 ജൂലൈ 5-ന് ബഷീർ നമ്മളെ വിട്ടുപോയി. എന്നാൽ ബഷീർ മരിച്ചിട്ടില്ല. ഓരോ വായനയിലും, ഓരോ ചിരിയിലും, ഓരോ കണ്ണീരിലും അദ്ദേഹം ഇന്നും ജീവിക്കുന്നു. നീലവെളിച്ചം വീണ്ടും സിനിമയായി എത്തുമ്പോഴും, ഭാർഗവീനിലയത്തിലെ ഭാർഗവിയുടെ ചിരി ഇന്നും മുഴങ്ങുമ്പോഴും, മതിലുകൾ നമ്മളോട് സംസാരിക്കുമ്പോഴും അവിടെയെല്ലാം ബഷീർ ഉണ്ട്.
സാധാരണക്കാരന്റെ ഭാഷയിൽ സംസാരിക്കുകയും എന്നാൽ പ്രപഞ്ചത്തിന്റെ ഗഹനമായ സത്യങ്ങളെ തൊട്ടുണർത്തുകയും ചെയ്ത ബഷീർ, സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. സാഹിത്യം വരേണ്യവർഗത്തിന് മാത്രമുള്ളതാണെന്ന ധാരണയെ തിരുത്തിയ ബഷീർ, സിനിമയെയും ആ അർത്ഥത്തിൽ ജനകീയമാക്കാൻ സഹായിച്ചു. ജയിൽപ്പുള്ളിയും വിപ്ലവകാരിയും സഞ്ചാരിയും ഒക്കെയായിരുന്ന ബഷീറിന്റെ ജീവിതം തന്നെ ഒരു സിനിമ പോലെ നാടകീയമായിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, ആ വലിയ മനുഷ്യൻ മലയാള സിനിമയ്ക്ക് നൽകിയ സ്വപ്നങ്ങളെയും കഥാപാത്രങ്ങളെയും നമുക്ക് സ്നേഹത്തോടെ ഓർക്കാം. മലയാളം നിലനിൽക്കുന്നിടത്തോളം കാലം ആ സുൽത്താന്റെ ഓർമ്മകളും സിനിമയിലൂടെയും സാഹിത്യത്തിലൂടെയും വരുംതലമുറകളിലേക്ക് പടർന്നുകൊണ്ടേയിരിക്കും.