“പുതുതലമുറയുടെ സംഗീത വിസ്മയം”; ഷാൻ റഹ്മാന് ജന്മദിനാശംസകൾ

','

' ); } ?>

മലയാള ചലച്ചിത്ര സംഗീതത്തിന്റെ വഴിത്താരയിൽ പുതുമയുടെ നാദമുണർത്തിയ സംഗീതസംവിധായകനാണ് ഷാൻ റഹ്മാൻ. പരമ്പരാഗതത്വവും ആധുനികതയും ഒരേ സമയം കൈകോർത്ത് നിൽക്കുന്ന ഒരു സംഗീത ഭാഷ രൂപപ്പെടുത്തിയ പ്രതിഭ. ഗാനങ്ങൾ മാത്രം സൃഷ്ടിച്ചില്ല, ഒരു കാലഘട്ടത്തിന്റെ സംഗീത രുചി തന്നെ നിർവ്വചിച്ച സംഗീതകാരനാണദ്ദേഹം. ‘ഈ പട്ടണത്തിൽ ഭൂതം മുതൽ കുഞ്ഞെൽദോ’ വരെ അദ്ദേഹം സമ്മാനിച്ച സംഗീത യാത്ര പകരക്കാരില്ലാത്ത വിധം അനശ്വരമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനും, ഗായകനുമായ ഷാൻ റഹ്മാന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1979 ഡിസംബർ 30ന് കോഴിക്കോട് ജില്ലയിൽ ജനിച്ച ഷാൻ റഹ്മാൻ, സംഗീതം ജീവിതത്തിന്റെ ഭാഗമായിത്തന്നെ വളർന്നവനാണ്. യൂണിയൻ സിമന്റ് കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ ജോലിയെ തുടർന്ന് കുടുംബം യു.എ.ഇയിലെ റാസൽഖൈമയിലേക്ക് മാറി. അവിടെയാണ് ഷാൻ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രവാസ ജീവിതത്തിന്റെ ഏകാന്തതയും ഓർമ്മകളുമെല്ലാം പിന്നീടദ്ദേഹത്തിന്റെ സംഗീതത്തിൽ ഒരുവിധം പ്രതിഫലിക്കുന്നതായി തോന്നിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തോടുള്ള ആസക്തി അദ്ദേഹത്തിൽ പ്രകടമായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം കോളേജ് വിദ്യാഭ്യാസവും ഓഡിയോ വിഷ്വൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും പൂർത്തിയാക്കി. സാങ്കേതിക അറിവും സംഗീതബോധവും ഒരുമിച്ചു ചേർന്നതോടെ ഷാന്റെ സംഗീതം കൂടുതൽ സമ്പന്നമായി. പരസ്യ ജിംഗിളുകളിലൂടെയാണ് പ്രൊഫഷണൽ സംഗീതരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. അതോടൊപ്പം സുഹൃത്തുക്കളായ സിജു, ദീപു എന്നിവരോടൊപ്പം “ദേശി നോയിസ്” എന്ന സംഗീത ബാൻഡിനും രൂപം നൽകി.

ഷാൻ റഹ്മാന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവ് വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദമാണ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചുണ്ടായ ആ അപ്രതീക്ഷിത പരിചയം പിന്നീട് മലയാള സിനിമയിലെ ഏറ്റവും വിജയകരമായ സംഗീത–സംവിധായക കൂട്ടുകെട്ടുകളിൽ ഒന്നായി മാറി. 2008ൽ പുറത്തിറങ്ങിയ “കോഫി @ എംജി റോഡ്” എന്ന മ്യൂസിക് ആൽബം ക്യാമ്പസ് യുവതയുടെ പ്രിയപ്പെട്ടതായതോടെ ഷാൻ റഹ്മാൻ ശ്രദ്ധിക്കപ്പെട്ടു. “പലവട്ടം കാത്തുനിന്നു ഞാൻ”, “നമ്മുടെ കോളേജ്” തുടങ്ങിയ ഗാനങ്ങൾ യുവജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചു.

2009ൽ ജോണി ആന്റണി സംവിധാനം ചെയ്ത “ഈ പട്ടണത്തിൽ ഭൂതം” എന്ന ചിത്രത്തിലൂടെയാണ് ഷാൻ റഹ്മാൻ സിനിമാ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഇതൊരു തുടക്കമാത്രമായിരുന്നു. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “മലർവാടി ആർട്സ് ക്ലബ്” ഷാന്റെ സംഗീത ജീവിതത്തിലെ വലിയ ചുവടുവയ്പ്പായി. ക്യാമ്പസ് സൗഹൃദങ്ങളുടെയും യുവത്വത്തിന്റെ ലാളിത്യത്തിന്റെയും ശബ്ദമായി ആ ചിത്രത്തിലെ ഗാനങ്ങൾ മാറി.

2012ൽ പുറത്തിറങ്ങിയ “തട്ടത്തിൻ മറയത്ത്” ഷാൻ റഹ്മാനെ മലയാള സിനിമയിലെ മുൻനിര സംഗീതസംവിധായകരുടെ പട്ടികയിൽ എത്തിച്ചു. ചിത്രത്തിലെ ഓരോ ഗാനവും യുവതയുടെ പ്രണയഭാവനകളെ തൊട്ടുണർത്തി. “മുത്തുച്ചിപ്പി പോലൊരു” എന്ന ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. സംഗീതസംവിധായകൻ എം. ജയചന്ദ്രൻ പോലും ഈ ഗാനം തന്റെ ഇഷ്ടഗാനങ്ങളിലൊന്നാണെന്ന് പറഞ്ഞത് ഷാന്റെ സംഗീത നിലവാരത്തിന് ലഭിച്ച വലിയ അംഗീകാരമായിരുന്നു.

“തിര”, “ഓം ശാന്തി ഓശാന”, “ഓർമ്മയുണ്ടോ ഈ മുഖം”, “ഒരു വടക്കൻ സെൽഫി”, “അടി കപ്യാരേ കൂട്ടമണി”, “ജേക്കബിന്റെ സ്വർഗ്ഗരാജ്യം”, “ഗോദ”, “ആൻമരിയ കലിപ്പിലാണ്” തുടങ്ങി വ്യത്യസ്ത സ്വഭാവങ്ങളുള്ള ചിത്രങ്ങളിലൂടെ ഷാൻ തന്റെ വൈവിധ്യം തെളിയിച്ചു. ഓരോ ചിത്രത്തിനും അനുയോജ്യമായ സംഗീത ശൈലി കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. 2017ൽ പുറത്തിറങ്ങിയ “വെളിപാടിന്റെ പുസ്തകം” എന്ന ചിത്രത്തിലെ “ജിമിക്കി കമ്മൽ” എന്ന ഗാനം ഷാൻ റഹ്മാനെ ആഗോള ശ്രദ്ധയിലെത്തിച്ചു. യൂട്യൂബിലും സോഷ്യൽ മീഡിയയിലും തരംഗമായ ഈ ഗാനം മലയാള സിനിമയുടെ അതിരുകൾ കടന്ന് ലോകമെമ്പാടുമെത്തി. 2018ൽ “ഒരു അഡാർ ലവ്” എന്ന ചിത്രത്തിലെ “മാണിക്യ മലരായ പൂവി” എന്ന ഗാനം വീണ്ടും ഒരു സോഷ്യൽ മീഡിയ വിപ്ലവമായി. ഒരു പഴയ മാപ്പിളപ്പാട്ടിനെ പുതുതലമുറയുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ ഷാൻ റഹ്മാൻ കഴിഞ്ഞു എന്നതാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ വിജയം.

സംഗീതസംവിധായകൻ മാത്രമല്ല, മികച്ച ഒരു പിന്നണി ഗായകനുമാണ് ഷാൻ റഹ്മാൻ. “ഉറുമി”, “തേജാ ഭായ് & ഫാമിലി”, “ഐ ലൗ മീ”, “പദ്മശ്രീ ഡോ. സരോജ് കുമാർ” തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ സവിശേഷത തെളിയിക്കുന്നതാണ്. “തട്ടത്തിൻ മറയത്ത്” എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് 2012ലെ SIIMA മികച്ച സംഗീത സംവിധായക പുരസ്കാരം ലഭിച്ചത് ഷാൻ റഹ്മാന്റെ കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നാണ്. കൂടാതെ മഴവിൽ മനോരമയിലെ “സൂപ്പർ 4” എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവായി പ്രവർത്തിക്കുന്നതിലൂടെ സംഗീതത്തിന്റെ പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പങ്കുവഹിക്കുന്നു.

2009 ഒക്ടോബർ 11ന് സൈറ സലീമിനെയാണ് ഷാൻ വിവാഹം ചെയ്തത്. ദമ്പതികൾക്ക് റയാൻ എന്ന മകനുണ്ട്. കുടുംബജീവിതവും സംഗീതജീവിതവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയാണ് ഷാൻ റഹ്മാൻ. ഷാൻ റഹ്മാൻ ഒരു സംഗീത സംവിധായകൻ മാത്രമല്ല ഒരു തലമുറയുടെ വികാരങ്ങളുടെയും പ്രണയങ്ങളുടെയും ഓർമ്മകളുടെയും ശബ്ദമാണ്. ലളിതമായ മെലഡികളിലൂടെ ആഴമുള്ള വികാരങ്ങൾ പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിയുന്നു. പഴയതിന്റെ സുഗന്ധവും പുതുമയുടെ ഊർജ്ജവും ചേർന്നതാണ് ഷാന്റെ സംഗീതം.

ഇന്ന് തന്റെ ജന്മദിനത്തിൽ, മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഗീതസമ്പത്ത് ഓർക്കുമ്പോൾ, വരാനിരിക്കുന്ന വർഷങ്ങളിൽ ഇനിയും അനവധി മനോഹര ഗാനങ്ങൾ അദ്ദേഹം സമ്മാനിക്കുമെന്ന പ്രതീക്ഷയോടെ, സംഗീതത്തിന്റെ ഈ സുന്ദരസ്വരത്തിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.