‘ഓം ശാന്തി ഓശാന’ മുതൽ ആട് വരെ; സംവിധായകൻ മിഥുൻ മാനുവൽ തോമസിന് ജന്മദിനാശംസകൾ

','

' ); } ?>

ഒരു പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് മിഥുൻ മാനുവൽ തോമസ്. നായകനെയും നായികയെയും മാറ്റി നിർത്തി സംവിധായകന്റെ പേര് കൊണ്ട് സിനിമ കാണാനിറങ്ങാൻ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതിൽ മിഥുൻ വളരെ പെട്ടെന്ന് വിജയിച്ചിട്ടുണ്ട്. മിഥുൻ ചെയ്യുന്ന ചിത്രങ്ങളിലൊക്കെയും പുതുമയും, കാലഘട്ടത്തിന്റെ നവീകരണവും നമുക്ക് കാണാൻ കഴിയും. പഴറ്റി തെളിഞ്ഞ വിഷയങ്ങൾ ഏറ്റവും പുതുമയോടെ അവതരിപ്പിക്കുക അത്ര ചെറിയ കാര്യമല്ല. സമകാലീന മലയാള സിനിമയുടെ താളത്തിൽ പുതുമ കണ്ടെത്തുന്നതിലും അദ്ദേഹത്തിന് സ്വന്തമായൊരു മുദ്ര പതിപ്പിക്കാനായി. ഓം ശാന്തി ഓശാന മുതൽ ആട് 3 വരെ മലയാളി പ്രേക്ഷകർക്ക് ഒരു പിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച മിഥുൻ ഇന്ന് ജന്മദിനഘോഷിക്കുകയാണ്. മലയാളത്തിലെ പുതിയ തലമുറയിലെ മികച്ച സംവിധായകൻ “മിഥുൻ മാനുവൽ തോമസിന്” ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1983 സെപ്റ്റംബർ 18-ന് വയനാട് കുമ്പളക്കാട് പെരികിലം തറപ്പേൽ കുടുംബത്തിലാണ് മിഥുൻ മാനുവലിന്റെ ജനനം. അച്ഛൻ കുമ്പളങ്ങാട് തോമസ്, അമ്മ ശാന്ത. വിദ്യാഭ്യാസത്തിൽ അദ്ദേഹം സയൻസും മാനേജ്മെന്റും ചേർന്ന വിഷയങ്ങൾ തെരഞ്ഞെടുത്തു, തുടർന്ന് എം.എസ്.ഡബ്ല്യു. (Master of Social Work) ബിരുദം നേടി. വിദേശത്തും നാട്ടിലുമായി വിവിധ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ട്. അധ്യാപകനായും, വാർത്താ അവതാരകനായും, തുടർന്ന് ദുബായിൽ ജോലി ചെയ്തുമൊക്കെ അദ്ദേഹം ജീവിതാനുഭവങ്ങൾ സമ്പാദിച്ചു.

മിഥുന്റെ സിനിമാപ്രവേശം തിരക്കഥാകൃത്തായിട്ടായിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത “ഓം ശാന്തി ഓശാന” (2014) ആണ് ആദ്യ ചിത്രം. നിവിൻ പോളി, നസ്രിയ, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർഹിറ്റുകളിലൊന്നായി. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്ന് പറഞ്ഞ പ്രണയകഥയായതിനാൽ ചിത്രത്തിന് പ്രത്യേക സ്വീകാര്യത ലഭിച്ചു.

2015-ൽ പുറത്തിറങ്ങിയ “ആട്: ഒരു ഭീകരജീവിയാണ്” മിഥുന്റെ ആദ്യ സംവിധാന ചിത്രം. ജയസൂര്യ, വിജയ് ബാബു, സണ്ണി വെയ്ൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം, പ്രത്യേകിച്ച് യുവജനങ്ങളിൽ വലിയ ഹിറ്റായി മാറി. കഥാപാത്രമായ ഷാജി പാപ്പൻ പിന്നീട് മലയാള സിനിമയിലെ പോപ്പുലർ ഐക്കൺ കഥാപാത്രങ്ങളിലൊന്നായി.

തുടർന്ന് 2016 – ആൻമരിയ കലിപ്പിലാണ്, 2017 – അലമാര, 2017 – ആട് 2 ,2019 – അർജന്റീന ഫാൻസ് കാട്ടൂർക്കടവ് 2020 – അഞ്ചാം പാതിര പൂർണ്ണമായും വ്യത്യസ്തമായൊരു ത്രില്ലർ ചിത്രമായിരുന്നു ഇത്. 2023 – കഥാകൃത്തായി ഗരുഡൻ, ഫീനിക്സ്, 2024 – എബ്രഹാം ഓസ്ലർ, ടർബോ, തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം ചെയ്തു

മിഥുന്റെ സിനിമകൾക്ക് വ്യത്യസ്തമായൊരു രചനാശൈലി ഉണ്ട്. തമാശയും ത്രില്ലും ചേർന്ന നർമ്മരസമായിരുന്നു ആട് സീരീസ്, അലമാര എന്നീ ചിത്രങ്ങൾ. കൗമാര-പ്രണയ കഥയായിരുന്നു ‘ആൻമരിയ കലിപ്പിലാണ്’ അവതരിപ്പിച്ചത്. സസ്‌പെൻസ് ത്രില്ലറായൊരുങ്ങിയ മികച്ച ചിത്രമായിരുന്നു അഞ്ചാം പാതിര, എബ്രഹാം ഓസ്ലർ എന്നിവ.സമൂഹജീവിതത്തിന്റെ പ്രതിബിംബം തുറന്നു കാണിച്ച ചിത്രമായിരുന്നു ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’. ഇങ്ങനെ ഓരോ ചിത്രത്തിലും വ്യത്യസ്തതയും, സമകാലീന പ്രസക്തിയും കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ബോക്‌സോഫീസിലെ വിജയത്തിനൊപ്പം, നിരവധി വിമർശകരുടെ പ്രശംസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഞ്ചാം പാതിര മലയാളത്തിലെ മിസ്റ്ററി-ത്രില്ലർ വിഭാഗത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വിലയിരുത്തി.

സംവിധാനത്തിനും തിരക്കഥക്കും പുറമെ, “അടി ഇടി വെടി” എന്ന ഹ്രസ്വ ചിത്രത്തിൽ നായകനായും മിഥുന്‍ എത്തിയിട്ടുണ്ട്. സിനിമയുടെ പല മേഖലകളിലും തന്റെ കഴിവ് തെളിയിക്കാൻ മിഥുൻ ശ്രമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

2018 ൽ മിഥുൻ ഫിബിയെ വിവാഹം കഴിച്ചു. 2020-ൽ ഇരുവർക്കും ഒരു മകൻ പിറന്നു. കുടുംബ ജീവിതത്തോടൊപ്പം സിനിമാപ്രവർത്തനവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നവനാണ് അദ്ദേഹം. വിവിധ കഥാപാത്രങ്ങളെയും കഥാപശ്ചാത്തലങ്ങളെയും പരീക്ഷിച്ചു കൊണ്ടുള്ള യാത്രയാണ് മിഥുൻ മാനുവൽ തോമസിന്റെ സിനിമാ ജീവിതം. മലയാള സിനിമയിൽ ഇന്നത്തെ തലമുറയിലെ സംവിധായകരുടെ ഇടയിൽ അദ്ദേഹത്തിന് സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ വ്യത്യസ്തമായ കഥകളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മിഥുൻ മാനുവൽ തോമസിന് ഒരിക്കൽ കൂടി സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ