
മലയാളികളുടെ സ്വീകരണമുറിയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ഹാസ്യസാമ്രാട്ട്. കൊമേഡിയൻ മേഖലയിൽ ഒരു പാഠ പുസ്തകം പോലെ തന്റെ ജീവിതം സമർപ്പിച്ച അഭിനയ പ്രതിഭ. മലയാളികൾ ഏറെ സ്നേഹത്തോടെ “അമ്പിളി ചേട്ടനെന്ന്” വിളിക്കുന്ന ജഗതി ശ്രീകുമാർ. വെള്ളിത്തിരയിൽ അദ്ദേഹം ചിരിക്കുമ്പോൾ പ്രേക്ഷകരും ചിരിച്ചു, അദ്ദേഹം കരഞ്ഞപ്പോൾ പ്രേക്ഷകരും അറിയാതെ വിതുമ്പി. അഭിനയത്തിന്റെ നവരസങ്ങളത്രയും തന്റെ കൈവെള്ളയിൽ ഭദ്രമാണെന്ന് തെളിയിച്ച മഹാ പ്രതിഭയ്ക്ക് ഇന്ന് ജന്മദിനമാണ്. ചിരിയിലൂടെ ചിന്തിപ്പിക്കുകയും , ചിന്തകളിൽ ഹൃദയം നിറയ്ക്കുകയും ചെയ്ത പ്രിയപ്പെട്ട അമ്പിളിച്ചേട്ടന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
“ചിരിക്കില്ലടോ” എന്ന് പിടിവാശി പിടിക്കുന്നവനും ജഗതി സ്ക്രീനിലെത്തുമ്പോൾ മനസ്സിൽ ഒന്ന് തയ്യാറെടുക്കും. ഏത് നിമിഷവും തന്റെ ഗൗരവത്തിന്റെ മുഖംമൂടി വലിച്ചുകീറി ജഗതി ആ ‘ഐറ്റം’ പുറത്തെടുത്തേക്കുമെന്ന് അയാൾക്കറിയാം. പിന്നെ, ചിരി തടയാൻ കഴിയില്ല. ശരീരത്തിന്റെ ഓരോ അംഗവും ഹാസ്യരസത്തിന്റെ ഉപകരണങ്ങളാക്കി മാറ്റാനുള്ള അപൂർവ കഴിവ് ജഗതിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അസ്വാഭാവികമാം വിധം സ്വാഭാവികമായി അവയെ അവതരിപ്പിക്കാനും. അതുകൊണ്ടാണ് അദ്ദേഹം മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയത്. 1951 ജനുവരി അഞ്ചിന്, തിരുവനന്തപുരം ജില്ലയിലെ ജഗതി എന്ന സ്ഥലത്ത്, പ്രശസ്ത നാടകാചാര്യനും ഹാസ്യസാഹിത്യകാരനുമായ ജഗതി എൻ. കെ. ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്ത മകനായി ശ്രീകുമാർ ജനിച്ചു. ഒരു വെളുത്തവാവിനായിരുന്നു ജനനം. ആ പൂർണചന്ദ്രന്റെ ഓർമ്മയിൽ വീട്ടുകാർ വിളിച്ച പേരാണ് ‘അമ്പിളി’. ആ വിളി പിന്നീട് സുഹൃത്തുക്കളും സഹപ്രവർത്തകരും ഏറ്റെടുത്തു. അടുത്തറിയുന്നവർക്ക് ഇന്നും അദ്ദേഹം ‘അമ്പിളിച്ചേട്ടൻ’ തന്നെ.
അച്ഛന്റെ നാടകങ്ങളാണ് കലാലോകത്തേക്കുള്ള ജഗതിയുടെ ആദ്യ വാതിൽ. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. എന്നാൽ ആറാം വയസ്സിൽ തന്നെ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യവും ജഗതിക്ക് ലഭിച്ചു. വിമൽ കുമാർ സംവിധാനം ചെയ്ത് ജഗതി എൻ. കെ. ആചാരി തിരക്കഥ എഴുതിയ ‘അച്ഛനും മകനും’ എന്ന ചിത്രത്തിൽ ‘മാസ്റ്റർ അമ്പിളി’ എന്ന പേരിൽ ബാലതാരമായി അദ്ദേഹം ക്യാമറയ്ക്കു മുന്നിലെത്തി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടിയ ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സിനിമ ജീവിതത്തിലേക്കുള്ള നിർണായക വഴിത്തിരിവ് സംഭവിക്കുന്നത്. എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘കന്യാകുമാരി’ (1974) ജഗതിയുടെ ഔദ്യോഗിക സിനിമാ പ്രവേശനമായി. തൊട്ടടുത്ത വർഷം ജെ. ശശികുമാർ സംവിധാനം ചെയ്ത ‘ചട്ടമ്പി കല്യാണി’യിലെ അടൂർ ഭാസിയുടെ ശിങ്കിടിയായ വേഷം ജഗതിയെ ശ്രദ്ധേയനാക്കി. അവിടെ നിന്ന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഹാസ്യവേഷങ്ങൾക്കപ്പുറം, കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളും വേദനകളും പ്രണയവും പ്രതികാരവും വരെ ജഗതി അത്ഭുതകരമായി അവതരിപ്പിച്ചു. ‘തൂവാനത്തുമ്പികൾ’, ‘മൂന്നാംപക്കം’, ‘പരദേശി’, ‘നിഴൽക്കൂത്ത്’, ‘വാസ്തവം’, ‘തന്മാത്ര’, ‘കാബൂളിവാല’ തുടങ്ങിയ ചിത്രങ്ങളിൽ ജഗതി നമ്മളെ ഞെട്ടിച്ചു. ചിരിപ്പിക്കുന്ന നടനിൽ നിന്ന്, കണ്ണുനിറയ്ക്കുന്ന കലാകാരനിലേക്കുള്ള ആ മാറ്റം മലയാള സിനിമയിലെ അപൂർവ നേട്ടങ്ങളിലൊന്നാണ്.
ഓരോ കഥാപാത്രത്തിനും തന്റേതായ ഒരു ശൈലി നൽകി അവയെ അനശ്വരമാക്കാൻ അദ്ദേഹത്തിന് പ്രത്യേക സിദ്ധി തന്നെയുണ്ടായിരുന്നു. ഹാസ്യം കൈകാര്യം ചെയ്യുമ്പോഴും അതിനുള്ളിൽ ഗൗരവമായ ഒരു ഭാവം ഒളിപ്പിച്ചുവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജഗതിയുടെ കഥാപാത്രങ്ങളെ വിശകലനം ചെയ്യുമ്പോൾ അവ കേവലം കോമാളിത്തരങ്ങൾ കാട്ടുന്നവരല്ലെന്ന് നമുക്ക് ബോധ്യപ്പെടും. അവരിലൊക്കെയും മനുഷ്യസഹജമായ വാശികളും കുശുമ്പുകളും നിഷ്കളങ്കതയും ഒത്തുചേർന്നിരുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമായ ‘കിലുക്ക’ത്തിലെ നിശ്ചലിനെ മാത്രം എടുത്താൽ മതി അദ്ദേഹത്തിന്റെ അഭിനയ വൈഭവം മനസ്സിലാക്കാൻ. രേവതിയുടെയും മോഹൻലാലിന്റെയും കഥാപാത്രങ്ങൾക്കിടയിൽ പെട്ടുപോകുന്ന ഒരു ഫോട്ടോഗ്രാഫർ, ഒടുവിൽ ഭ്രാന്താശുപത്രിയിൽ ചെന്നെത്തുന്ന നിശ്ചലിന്റെ ഓരോ ചലനവും ഡയലോഗും ഇന്നും മലയാളികൾക്ക് മനഃപാഠമാണ്. അതുപോലെ തന്നെ ‘യോദ്ധ’യിലെ അരിശുമൂട്ടിൽ അപ്പുക്കുട്ടൻ. തോൽവി സമ്മതിക്കാൻ മടിയുള്ള, എന്നാൽ ഓരോ തവണയും അബദ്ധങ്ങളിൽ ചെന്ന് ചാടുന്ന അപ്പുക്കുട്ടൻ ജഗതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ്. അപ്പുക്കുട്ടനും അശോകനും തമ്മിലുള്ള ആ പോരാട്ടം ഇന്നും ചിരിയുടെ മാലപ്പടക്കം തീർക്കുന്നു.
എന്നാൽ ഹാസ്യത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ അഭിനയ സപര്യ. ഗൗരവമേറിയ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. ‘യവനിക’യിലെ വട്ടുണ്ണി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. നാടക സംഘത്തിലെ ആ തബലിസ്റ്റ് മലയാള സിനിമയിലെ മികച്ച സ്വഭാവനടന്മാരുടെ നിരയിലേക്ക് അദ്ദേഹത്തെ ഉയർത്തി. ‘മീശമാധവൻ’ എന്ന സിനിമയിലെ ഭഗീരഥൻ പിള്ളയാകട്ടെ, ജഗതിയുടെ ശരീരഭാഷ കൊണ്ടും സംഭാഷണ ശൈലി കൊണ്ടും ശ്രദ്ധേയമായ ഒന്നാണ്. “പുരുഷു എന്നെ അനുഗ്രഹിക്കണം” എന്ന ഒറ്റ ഡയലോഗിലൂടെ അദ്ദേഹം സൃഷ്ടിച്ച തരംഗം ചെറുതല്ല. ‘ക്ലാസ്‌മേറ്റ്സി’ലെ വാർഡൻ ഉണ്ണിയച്ചനും ‘തന്മാത്ര’യിലെ ആത്മാർത്ഥ സുഹൃത്തായ കുമ്പളങ്ങിയും ‘ഉദയനാണ് താര’ത്തിലെ പച്ചാളം ഭാസിയുമൊക്കെ ജഗതി എന്ന നടന്റെ വൈവിധ്യത്തെ വിളിച്ചോതുന്നവയാണ്.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നമ്മെ ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കഥയിൽ എഴുതിയതിനേക്കാൾ വലിയൊരു തലം തന്റെ ഭാവങ്ങൾ കൊണ്ട് ഓരോ സീനിലും അദ്ദേഹം കൊണ്ടുവന്നിരുന്നു. കൂടെ അഭിനയിക്കുന്ന നടൻ എത്ര വലിയ ആളാണെങ്കിലും അവരോടൊപ്പം മത്സരിച്ച് അഭിനയിച്ച് കയ്യടി വാങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതകരമാണ്. അതുപോലെ തന്നെ ക്രൂരതയും കുടിലതയും നിറഞ്ഞ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം പുലർത്തിയ മികവ് വിസ്മയകരമാണ്. നർമ്മത്തിന്റെ മേലങ്കിയില്ലാത്ത, ഗൗരവമേറിയതും തണുത്തതുമായ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ജഗതിയുടെ കണ്ണുകളിലെ തിളക്കവും ശബ്ദത്തിലെ ഗാംഭീര്യവും ആ വേഷങ്ങൾക്ക് നൽകിയ പൂർണ്ണത മലയാള സിനിമയിലെ മറ്റൊരു നടനിലും കാണാൻ കഴിയില്ല. ഹാസ്യത്തിന്റെ തമ്പുരാനായി വാഴുമ്പോഴും, ഉള്ളിലെ അഭിനയ പ്രതിഭയെ മറ്റൊരു തലത്തിൽ അടയാളപ്പെടുത്താൻ അദ്ദേഹത്തിന് ഇത്തരം പ്രതിനായക വേഷങ്ങളിലൂടെ സാധിച്ചു.
ജഗതിയുടെ വില്ലൻ വേഷങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ ഏറ്റവും ആദ്യം ഓർമ്മ വരിക കെ.ജി. ജോർജ് സംവിധാനം ചെയ്ത ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ എന്ന സിനിമയിലെ സിനിമാ നിർമ്മാതാവിന്റെ വേഷമാണ്. അധികാരവും പണവും ഉപയോഗിച്ച് ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്ന, യാതൊരു ദയയുമില്ലാത്ത ആ കഥാപാത്രം ജഗതി എന്ന നടന്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് കാട്ടിക്കൊടുത്തു. അതുപോലെ തന്നെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമാണ്. ഇതിലെ വില്ലൻ വേഷം വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഹാസ്യത്തിലൂടെ മാത്രം പ്രേക്ഷകർ കണ്ടിരുന്ന ജഗതിയുടെ ശബ്ദത്തിലെ ഗൗരവം എത്രത്തോളം ഭയാനകമാകുമെന്ന് ഈ സിനിമകൾ തെളിയിച്ചു.
മറ്റൊരു ശ്രദ്ധേയമായ വേഷം ‘അപരൻ’ എന്ന ചിത്രത്തിലേതാണ്. പദ്മരാജൻ ചിത്രമായ ഇതിൽ ജഗതി അവതരിപ്പിച്ച കഥാപാത്രം പുറമെ ശാന്തനെന്ന് തോന്നിക്കുമെങ്കിലും ഉള്ളിൽ പകയും വഞ്ചനയും ഒളിപ്പിച്ചുവെച്ച ഒരാളായിരുന്നു. ‘പഴശ്ശിരാജ’യിലെ കനവൻ എന്ന വേഷം ചരിത്രപരമായ പശ്ചാത്തലത്തിൽ ഉള്ളതാണെങ്കിലും, ചതിയുടെയും വഞ്ചനയുടെയും ഭാവങ്ങൾ അദ്ദേഹം അതിൽ മനോഹരമായി ആവിഷ്കരിച്ചു. തനിക്കു ലഭിക്കുന്ന ചെറിയ വേഷങ്ങളിൽ പോലും തന്റെ സ്വാഭാവികമായ അഭിനയം കൊണ്ട് ഒരു വില്ലൻ പരിവേഷം നൽകാൻ ജഗതിക്ക് കഴിഞ്ഞിരുന്നു. പലപ്പോഴും കോമഡി കലർന്ന വില്ലൻ വേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും മികച്ച ഒന്നാണ് ‘മീശമാധവനിലെ’ ഭഗീരഥൻ പിള്ള. പുറമെ വില്ലനായി കാണിക്കുമെങ്കിലും ആ കഥാപാത്രത്തെ ചിരിയുമായി ഇണക്കിച്ചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു.
1500ലേറെ സിനിമകൾ. എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ. വേഷങ്ങൾ മാറിയെങ്കിലും ജഗതി എന്ന നടൻ ഓരോ സിനിമയിലും പുതുമയോടെ പിറന്നു. 1983ലെ ‘കിന്നാരം’ എന്ന ചിത്രത്തിൽ തമാശ രൂപേണ അദ്ദേഹം ആലപിച്ച “പിസ്ത സുമ്മാക്കിറ” എന്ന ഗാനം പിന്നീട് ‘നേരം’ എന്ന ചിത്രത്തിലൂടെ വീണ്ടും ജനപ്രിയമായി. ജഗതിയുടെ ഹാസ്യം തലമുറകളെ കടന്നുപോയതിന്റെ തെളിവാണ് അത്. സംവിധായകനായും ജഗതി തന്റെ കൈ പരീക്ഷിച്ചു ‘അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു’ (1989), ‘കല്യാണ ഉണ്ണികൾ’ (1998). ആ രംഗത്ത് വലിയ വിജയമുണ്ടായില്ലെങ്കിലും, അഭിനയത്തിലൂടെ അദ്ദേഹം നേടിയ ഉയരം അതിനേക്കാൾ വലുതായിരുന്നു.
2012 മാർച്ച് 10. ആ തീയതി മലയാളികൾക്ക് ഇന്നും മറക്കാനാവില്ല. കോഴിക്കോടിന് സമീപം തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ വാഹനാപകടം ജഗതിയുടെ ജീവിതത്തെ വീൽച്ചെയറിലേക്കു മാറ്റി. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിന് അതോടെ അപ്രതീക്ഷിതമായ ഇടവേള. ശരീരം നിശ്ശബ്ദമായെങ്കിലും ജഗതി എന്ന പ്രതിഭ മലയാളിയുടെ ജീവിതത്തിൽ നിന്നൊരിക്കലും മാഞ്ഞുപോയില്ല. ഇന്നും ടെലിവിഷൻ സ്ക്രീനുകളിലും സോഷ്യൽ മീഡിയ റീലുകളിലും മലയാളിയുടെ നിത്യജീവിതത്തിലും ജഗതി നിറഞ്ഞുനിൽക്കുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ജഗതി പതിയെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിലെത്തി. മമ്മൂട്ടി നായകനായ ‘സിബിഐ 5’ൽ ‘വിക്രം’ എന്ന ഐക്കോണിക് കഥാപാത്രമായി വീണ്ടും ജഗതിയെ കണ്ടപ്പോൾ മലയാളികളുടെ കണ്ണുകൾ നിറഞ്ഞു. സന്തോഷവും വേദനയും ചേർന്ന നിമിഷം. ഓടിച്ചാടി നടന്നിരുന്ന നടനെ വീൽച്ചെയറിൽ കണ്ടതിന്റെ നോവും, വീണ്ടും കണ്ടതിന്റെ സന്തോഷവും.
ഇപ്പോൾ, അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലൂടെ ജഗതിയുടെ മറ്റൊരു തിരിച്ചുവരവിനായി മലയാളി കാത്തിരിക്കുകയാണ്. പ്രൊഫസർ അമ്പിളി അഥവാ ‘അങ്കിൾ ലൂണാർ’ എന്ന കഥാപാത്രം വീണ്ടും ആ ‘അമ്പിളിക്കല’ തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ജഗതി ശ്രീകുമാർ വെറും ഒരു നടൻ മാത്രമല്ല. മലയാളിയുടെ ഓർമ്മകളുടെ ഭാഗമാണ് അദ്ദേഹം. ചിരിയുടെ ആശ്വാസം, വേദനയുടെ ശാന്തി, ജീവിതത്തിന്റെ ലളിതമായ തമാശ ഇതെല്ലാം ഒരുമിച്ചു ചേർന്ന മനുഷ്യൻ. ചിരിയുടെ ആ അമ്പിളി ഇന്നും തെളിഞ്ഞു നിൽക്കുന്നു. മലയാളത്തിന്റെ നിത്യയൗവ്വനമായി. അദ്ദേഹത്തിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.