59 ന്റെ നിറവിൽ ഇന്ത്യയുടെ സംഗീതരാജാവ്; എ ആർ റഹ്‌മാന്‌ ജന്മദിനാശംസകൾ

','

' ); } ?>

മദ്രാസിന്റെ മൊസാർട്ട്, ഇന്ത്യയുടെ സംഗീതരാജാവ്, ആഗോള സംഗീതഭൂപടത്തിൽ ഇന്ത്യയെ ഉറപ്പിച്ച മഹാ പ്രതിഭ, എ.ആർ. റഹ്മാൻ. ഈണങ്ങളിലൂടെ വികാരങ്ങളെ ഭാഷപ്പെടുത്തുന്ന, കാലാതീതമായ സംഗീതസമ്പത്ത് ലോകത്തിന് സമ്മാനിച്ച എ.ആർ. റഹ്മാന് ഇന്ന് 59-ാം ജന്മദിനമാണ്. ഒരു സംഗീത സംവിധായകൻ എന്നതിലുപരി, സംഗീതത്തെ ഒരു ആത്മീയ അനുഭവമായി മാറ്റിയ അപൂർവ പ്രതിഭ. ഭാഷകളും ദേശങ്ങളും സംസ്കാരങ്ങളും മറികടന്ന് ഹൃദയങ്ങളെ കീഴടക്കിയ സംഗീത യാത്ര. എ ആർ റഹ്മാന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

1967 ജനുവരി 6-ന് ചെന്നൈയിൽ ജനിച്ച ദിലീപ് കുമാർ എന്ന ബാലൻ പിന്നീട് എ.ആർ. റഹ്മാൻ എന്ന സംഗീത ഇതിഹാസമായി മാറുകയായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ മകനായി ജനിച്ചതിനാൽ കുട്ടിക്കാലം മുതൽ തന്നെ സംഗീതം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വീട്ടിലെ സംഗീതചർച്ചകളും റിഹേഴ്സലുകളും റെക്കോർഡിംഗുകളും ബാല്യകാലം തന്നെ റഹ്മാനെ സംഗീതത്തിലേക്ക് അടുപ്പിച്ചു. എന്നാൽ ജീവിതം എളുപ്പമായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട റഹ്മാൻ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമക്കേണ്ടിവന്നു. ആ ഘട്ടങ്ങളിൽ സംഗീതം തന്നെ അദ്ദേഹത്തിന്റെ ആശ്രയവും ആയുധവുമായി.

സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം കീബോർഡ് വായനയും പശ്ചാത്തല സംഗീത നിർമ്മാണവും റഹ്മാൻ അഭ്യസിച്ചു. സിനിമാ ലോകത്ത് പ്രവേശിക്കുന്നതിനു മുൻപ് പരസ്യജിംഗിളുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ആ കാലഘട്ടത്തിലെ നിരവധി പരസ്യങ്ങൾക്ക് റഹ്മാൻ നൽകിയ സംഗീതം തന്നെ വ്യത്യസ്തമായിരുന്നു. പുതിയ ശബ്ദങ്ങളും സാങ്കേതികതകളും പരീക്ഷിക്കാൻ മടിക്കാത്ത യുവപ്രതിഭയായി അദ്ദേഹം വേഗം ശ്രദ്ധിക്കപ്പെട്ടു. ഈ പരീക്ഷണാത്മകത തന്നെയാണ് പിന്നീട് ഇന്ത്യൻ സിനിമാ സംഗീതത്തിന്റെ മുഖച്ഛായ മാറ്റിയത്.

1992-ൽ മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രം റഹ്മാന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആദ്യ സിനിമയിലൂടെയേ തന്നെ ദേശീയ പുരസ്കാരം നേടുന്ന ഇന്ത്യയിലെ ആദ്യ സംഗീതസംവിധായകൻ എന്ന അപൂർവ ബഹുമതിക്ക് റഹ്മാൻ അർഹനായി. ‘ചിന്ന ചിന്ന ആശൈ’ പോലുള്ള ഗാനങ്ങൾ ഇന്ത്യൻ സംഗീതത്തിൽ ഒരു പുതുകാലത്തിന്റെ തുടക്കം കുറിച്ചു. പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുപോലെ പ്രാധാന്യമുള്ളതായി മാറിയതും റോജയിലൂടെ തന്നെയാണ്. അതോടെ റഹ്മാൻ എന്ന പേര് സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ പതിഞ്ഞു.

അതേ വർഷം തന്നെ മലയാള സിനിമയിലും റഹ്മാൻ തന്റെ സാന്നിധ്യം അറിയിച്ചു. സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധയിലൂടെ മലയാളികൾക്ക് അദ്ദേഹം പുതിയൊരു സംഗീതാനുഭവം സമ്മാനിച്ചു. പശ്ചാത്തല സംഗീതത്തിലും ഗാനങ്ങളിലും പാശ്ചാത്യവും ഇന്ത്യൻ ശൈലികളും ചേർത്തൊരുക്കിയ റഹ്മാന്റെ സമീപനം മലയാള സിനിമയിൽ ഒരു പുതുമയായി. പിന്നീട് മണിരത്നത്തിന്റെ ‘ബോംബെ’, പ്രഭുദേവ കേന്ദ്രകഥാപാത്രമായ ‘കാതലൻ’, ‘തിരുടാ തിരുടാ’, ‘ശങ്കർ’ സംവിധാനം ചെയ്ത ജെന്റിൽമാൻ തുടങ്ങി തുടർച്ചയായി വന്ന ചിത്രങ്ങൾ റഹ്മാനെ ഇന്ത്യൻ സിനിമയുടെ സംഗീതചക്രവർത്തിയാക്കി.

റഹ്മാന്റെ സംഗീതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ വൈവിധ്യമാണ്. സൂഫി സംഗീതത്തിന്റെ ആത്മീയതയും കർണാടക, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ആഴവും പാശ്ചാത്യ ഓർക്കസ്ട്രേഷനും ഇലക്ട്രോണിക് ശബ്ദലോകവും ഒരേ ഫ്രെയിമിൽ ലയിപ്പിക്കാൻ അദ്ദേഹത്തിനുള്ള കഴിവ് അപൂർവമാണ്. ഒരു പ്രണയഗാനം, ഒരു ദേശസ്നേഹഗാനം, ഒരു സൂഫി ധ്യാനഗാനം, ഒരു നൃത്തഗാനം – എല്ലാം റഹ്മാന്റെ കൈയിൽ വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ‘മുക്കാബല’, ‘ഉയിരേ’, ‘ജയ്ഹോ’, ‘ലുക് ചുപ്’, ‘തെരെ ബിനാ’ തുടങ്ങിയ ഗാനങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്.

ഹോളിവുഡിലേക്കുള്ള റഹ്മാന്റെ യാത്രയും ശ്രദ്ധേയമാണ്. Couples Retreat എന്ന ചിത്രത്തിലൂടെ അദ്ദേഹം ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ 2008-ൽ Slumdog Millionaire എന്ന ചിത്രത്തിലൂടെ ലോകം മുഴുവൻ റഹ്മാന്റെ സംഗീതത്തിനു മുന്നിൽ തലകുനിച്ചു. ഈ ചിത്രത്തിലെ സംഗീതത്തിന് രണ്ട് ഓസ്കർ പുരസ്കാരങ്ങളും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചതോടെ ഇന്ത്യൻ സംഗീതത്തിന്റെ അഭിമാനം ലോകവേദിയിൽ ഉയർന്നു. ‘ജയ് ഹോ’ എന്ന ഗാനം ലോകത്തിന്റെ വിവിധ കോണുകളിൽ ഒരുപോലെ മുഴങ്ങി.

പുരസ്കാരങ്ങളുടെ പട്ടിക വളരെ വലുതാണ് – ഓസ്കർ, ഗ്രാമി, ഗോൾഡൻ ഗ്ലോബ്, ഐഫ, ഫിലിംഫെയർ, ദേശീയ പുരസ്കാരങ്ങൾ… ഇവയ്ക്കെല്ലാം പുറമേ രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി അദ്ദേഹത്തെ ആദരിച്ചു. 2009-ൽ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ റഹ്മാനെ ഉൾപ്പെടുത്തി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങൾ അദ്ദേഹത്തെ ആദരിച്ചത് സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്.

ഗായകനായും ഗാനരചയിതാവായും സംഗീതസംവിധായകനായും ഒരുപോലെ തിളങ്ങുന്ന കലാകാരനാണ് റഹ്മാൻ. സംഗീതത്തിന്റെ എല്ലാ മേഖലയിലും അദ്ദേഹം സജീവമാണ്. യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും സംഗീത വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും റഹ്മാൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കെ.എം. മ്യൂസിക് കൺസർവേറ്ററി വഴി നിരവധി പുതിയ സംഗീതജ്ഞരെ അദ്ദേഹം വളർത്തിയെടുത്തു.

ഇപ്പോൾ, 29 വർഷങ്ങൾക്ക് ശേഷം പ്രഭുദേവയുമായി വീണ്ടും ഒന്നിക്കുന്ന മൂൺവാക്ക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും കടക്കുകയാണ് റഹ്മാൻ. ഈ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ നടന്ന ജന്മദിനാഘോഷം തന്നെ റഹ്മാന്റെ ജനപ്രീതി എത്രത്തോളം ആണെന്ന് തെളിയിക്കുന്നു. അജു വർഗീസ്, അർജുൻ അശോകൻ ഉൾപ്പെടെയുള്ള താരനിര അണിനിരക്കുന്ന ഈ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് എ.ആർ. റഹ്മാനിന് പകരം വെക്കാൻ മറ്റൊരാളില്ല. ഓരോ തലമുറയ്ക്കും ഓരോ ഓർമ്മകൾ സമ്മാനിച്ച സംഗീത മാന്ത്രികൻ ഇന്നും പുതുമ തേടുകയാണ്. കാലം മാറുമ്പോഴും സംഗീതത്തിന്റെ ആത്മാവിനെ കൈവിടാതെ മുന്നേറുന്ന ഈ പ്രതിഭയുടെ യാത്ര ഇനിയും തുടരുകയാണ്. സംഗീതം കൊണ്ട് വികാരങ്ങളെ വരച്ചുകാട്ടുന്ന, ലോകത്തെ ഒരുമിച്ച് പാടിപ്പിക്കുന്ന, ഈണങ്ങൾ കൊണ്ട് ഇതിഹാസം രചിച്ച എ.ആർ. റഹ്മാനിന് ഈ ജന്മദിനത്തിൽ ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും അനവധി സംഗീതവിരുന്നുകൾ ലോകത്തിന് സമ്മാനിക്കാൻ ഈ മഹാപ്രതിഭയ്ക്ക് കഴിയട്ടെ.