
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സമന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപമുള്ള കോർപറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടന്നത്.
വടകരയിലെ വീട്ടിൽ വച്ചാണ് ആദ്യം ചോദ്യം ചെയ്യാനുദ്ദേശിച്ചിരുന്നതെങ്കിലും, ഗോകുലം ഗോപാലൻ പിന്നീട് കോർപറേറ്റ് ഓഫിസിലേക്ക് എത്തിയതോടെയാണ് നടപടി മുന്നോട്ടുപോയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നതിന്റെ തുടർനടപടിയായാണ് കോഴിക്കോട് പരിശോധന നടന്നത്. ചെന്നൈയിലെ വീടിനെയും ഇ.ഡി പരിശോധനയ്ക്ക് വിധേയമാക്കി.
ഫെമ (FEMA) നിയമ ലംഘനമാണു അന്വേഷണത്തിനു പിന്നിലെന്ന് സൂചന. ഗോകുലം കമ്പനിയിൽ സമീപകാലത്ത് വന്ന വലിയ തുകയുടെ ഉറവിടം സംബന്ധിച്ച കാര്യങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്. തുക ഒരാളിൽ നിന്നാണോ, വിദേശമൂലധനമാണോ തുടങ്ങിയ വിവരങ്ങൾ അന്വേഷണ പരിധിയിലുണ്ട്. കൂടുതൽ വിശദീകരണമില്ലെങ്കിലും ഗോകുലം സ്ഥാപനം നടത്തുന്ന മറ്റു സ്ഥാപനങ്ങളിലും ഒരേ സമയം പരിശോധന തുടരുകയാണ്.
‘എമ്പുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണു ചിത്രത്തിന്റെ നിർമാതാവായ ഗോകുലം ഗോപാലൻ ഇ.ഡി ചോദ്യം ചെയ്യൽ നേരിടുന്നത്. ആർഎസ്എസും ബിജെപിയും ചിത്രത്തെതിരെ രംഗത്തെത്തിയതിനെ തുടർന്ന് റീസെൻസർ ചെയ്തിരുന്നു.
എന്നിരുന്നാലും, ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സിനിമയുമായി ബന്ധമില്ലെന്നും തികച്ചും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. മുൻകാലങ്ങളിലും ഗോകുലം സ്ഥാപനങ്ങളിൽ ഇത്തരമൊരു റെയ്ഡ് നടന്നിട്ടുണ്ട്