
സുരേഷ് ഗോപി ചിത്രം ജെ എസ് കെ യുടെ പ്രദർശന വിലക്ക് തടഞ്ഞ സെൻസർ ബോർഡിന്റെ നിലപാടിനെ വിമർശിച്ച് പി ആർ ഒ പ്രതീഷ് ശേഖർ. കേരള സ്റ്റേറ്റിനും ജനങ്ങൾക്കും ഭരണാധികാരികൾക്കും ഇല്ലാത്ത ആകുലത സെൻസർ ബോർഡിന് എന്താണെന്നു മനസ്സിലാകുന്നില്ലെന്നും, ചലച്ചിത്രത്തിന് പേരിടാനുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും പ്രതീഷ് ശേഖർ കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രതീഷ് ശേഖർ വിമർശനം അറിയിച്ചത്.
” ഇന്ത്യൻ സിനിമകളിൽ ഇതിനു മുന്‍പും ജാനകി എന്ന പേര് ഉപയോഗിച്ചിരുന്നു. 2003ൽ റിലീസ് ചെയ്ത ജാനകി വെഡ്സ് ശ്രീറാം , 2013 ൽ തെലുങ്ക് ചിത്രം ഏലിയാസ് ജാനകി , 2018ൽ മലയാള ചിത്രം ജാനകി, 2023ൽ മലയാള ചിത്രം ജാനകി ജാനേ തുടങ്ങിയവ എനിക്കോർമ്മ വരുന്നതിൽ ചിലതു മാത്രം. ഈ സിനിമകളില്‍ ഒന്നും ആ പേരിനാരും കത്രിക വച്ചിട്ടില്ല, പക്ഷെ കഴിഞ്ഞ ദിവസം റിലീസ് ചെയ്യേണ്ട ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്ക് കേരള എന്ന ചിത്രത്തിൽ, സ്റ്റേറ്റിനും ജനങ്ങൾക്കും ഭരണാധികാരികൾക്കും ഇല്ലാത്ത ആകുലത സെൻസർ ബോർഡിന് എന്താണെന്നു മനസ്സിലാകുന്നില്ല. ഒരു ചലച്ചിത്രത്തിന് പേരിടാനുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, കേരളത്തിലെ സിനിമാ പ്രവർത്തകർ, സിനിമാ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന സമരത്തിനൊപ്പം. ഈ ജാനകിക്ക് അതേ പേരിൽ റിലീസ് നൽകുക. സിനിമയ്ക്ക് നീതി നൽകുക’, പി ആർ ഒ പ്രതീഷ് ശേഖർ പറഞ്ഞു.