
നാല് പതിറ്റാണ്ടുകാലമായി മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞു നില്ക്കുന്ന അതുല്യ കലാകാരനാണ് ബാപ്പു വെള്ളിപ്പറമ്പ്. ആറായിരത്തിലേറെ മാപ്പിളപ്പാട്ടുകള് രചിച്ചിട്ടുണ്ട്. സിനിമ, മാപ്പിളപ്പാട്ടു രംഗത്തെ പ്രമുഖ ഗായകരൊക്കെ ബാപ്പുവിന്റെ പാട്ടുകള് ആലപിച്ചിട്ടുമുണ്ട്. ഒരുപാട് പാട്ടുകൾ എഴുതിയത് ഗിന്നസ് ബുക്കിൽ കയറാനല്ലെന്നും ആദ്യകാലത്ത് പാട്ടെഴുതുന്നതിന് പണം കിട്ടിയിട്ടുണ്ടായിരുന്നില്ലെന്നും ഒരിക്കൽ ബാപ്പു വെള്ളിപ്പറമ്പ് പറയുകയുണ്ടായി. യേശുദാസും ചിത്രയും സുജാതയും, പുതിയ കാലത്തെ ഗായിക സിത്താരയുമൊക്കെ ബാപ്പു വെള്ളിപ്പറമ്പിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പാട്ടുകളെ കുറിച്ചും ഉറ്റ സുഹൃത്ത് ഗിരീഷ് പുത്തഞ്ചേരിയെ കുറിച്ചും മനസ്സ് തുറക്കുകയാണ് അദ്ദേഹം. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗിരീഷ് പുത്തഞ്ചേരിയും ഞാനും വളരെ അടുത്ത സുഹൃത്തക്കളാണ്. ഗിരീഷിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ ഞാൻ കൂടെയുണ്ട്. അന്നൊക്കെ അവന് വർക്ക് കുറവായത് കൊണ്ട് എനിക്ക് കിട്ടുന്ന വർക്ക് അവനും ഞാൻ കൊടുക്കാറുണ്ട്. സെക്കൻഡുകൾ കൊണ്ട് അവൻ വരിയെഴുതി തരും. യാത്രയിലാണെങ്കിൽ പോലും നല്ല വരികൾ ഉണ്ടാക്കും. വലിയ കഴിവുള്ള ജീനിയസ്സായിരുന്നു അവൻ. നമ്മൾ വിചാരിക്കാത്ത ഭാവനകളൊക്കെ പുള്ളി എഴുതും. ഒരിക്കൽ ഒരു ഫെസ്റ്റിവൽ സോങ് എഴുതാൻ വേണ്ടി അവനോട് പറഞ്ഞപ്പോൾ വയലാറൊക്കെ എഴുതുന്ന രീതിയിൽ വരികളെഴുതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. “പൂവിതൾ കവിളിലൊരുമ്മ,തൂ നെറ്റി തടത്തിലൊരുമ്മ, നീ മൂടി വെച്ച പൊന്മണിച്ചെണ്ടിലൊരുമ്മ” എന്നായിരുന്നു ആ വരികൾ. പിന്നെ സിനിമാക്കാരെയൊക്കെ ഒരുപാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്താണ് പുള്ളിക്ക് സംഭവിച്ചത് എന്ന് എനിക്കറിയില്ല. രണ്ട് മൂന്ന് ആളുകളെ വെറുപ്പിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ എന്നെ ഒരിക്കലും വെറുപ്പിക്കുകയോ എന്നോട് മര്യാദ ഇല്ലാതെ പെരുമാറുകയോ ചെയ്തിട്ടില്ല. തന്നെയുമല്ല മാപ്പിളപ്പാട്ടുകൾ കത്തി നിൽക്കുന്ന സമയത്ത് അതെഴുതാൻ അവനെ ആളുകൾ സമീപിച്ചപ്പോൾ രണ്ട് പാട്ടുകളൊക്കെ ഞാൻ എഴുതി തരാം ബാക്കി ബാപ്പു എഴുതി തരും എന്ന് പറഞ്ഞ് ഒരുപാട് അവസരങ്ങൾ എനിക്ക് തന്നിട്ടുണ്ട്. ബാപ്പു വെള്ളിപ്പറമ്പ് പറഞ്ഞു.
ഞാനെന്റെ സൂപ്പർഹിറ്റ് പാട്ടുകൾ മുഴുവനും എഴുതിയത് തീവണ്ടിയാത്രയിലും വാഹനത്തിലിരുന്നിട്ടുമാണ്. എ സി റൂമോ മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ എനിക്കുണ്ടായിരുന്നില്ല. പാട്ടെഴുതാൻ ആഡമ്പരങ്ങളുടെ ആവശ്യമില്ലെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. 1960 കളിൽ പാട്ടെഴുതി തുടങ്ങുമ്പോൾ എന്റെ മനസ്സിലുള്ള ഒരു വിശ്വാസമായിരുന്നു സിഗരറ്റ് വേണമെന്ന്. അന്നൊക്കെ ഒന്നോ രണ്ടോ പാട്ടെഴുതുമ്പോഴേക്കും രണ്ടും മൂന്ന് സിഗരറ്റിന്റെ പാക്ക് ഞാൻ കാലിയാക്കുമായിരുന്നു. നാടകങ്ങളൊക്കെ എഴുതുകയാണെങ്കിൽ അതിനേക്കാൾ കൂടുതൽ വലിക്കും. 2013 ൽ പെട്ടന്നൊരു സുപ്രഭാതത്തിൽ ഞാൻ സിഗരറ്റ് വലി നിർത്തി. അതിനു ശേഷവും ഞാൻ പാട്ടുകളെഴുതി. അന്ന് മുതൽ എനിക്ക് മനസ്സിലായി ഞാൻ എഴുതിയത് സിഗരറ്റിന്റെ ഗുണം കൊണ്ടല്ല എന്ന്. സിഗരറ്റ് വലി നിർത്താൻ പാടാണെന്ന് പറയുന്നതൊക്കെ വെറുതെയാണ്. മനുഷ്യൻ വിചാരിച്ചാൽ പറ്റുന്നതാണ് ഇതൊക്കെ. ബാപ്പു വെള്ളിപ്പറമ്പ് കൂട്ടി ചേർത്തു.