
യാഷ് ചിത്രം ടോക്‌സികിന്റെ ടീസറിന് പിന്നാലെയുയർന്ന വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ‘ഞാനിപ്പോൾ പറഞ്ഞു കഴിഞ്ഞു’ എന്ന ക്യാപ്‌ഷനൊപ്പം റിമ കല്ലിങ്കൽ പങ്കുവച്ച റീൽ വിഡിയോ ഷെയർ ചെയ്താണ് ഗീതുവിന്റെ പ്രതികരണം. ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ദൃശ്യങ്ങളെ ‘അശ്ലീലം’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവർക്കുള്ള കൃത്യമായ മറുപടി എന്ന നിലയിലാണ് റിമ പോസ്‌റ്റ് പങ്കുവച്ചത്. റിമയുടെ പുതിയ പോസ്‌റ്റിനെതിരെയും വിമർശനങ്ങൾ സജീവമാണ്.
സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെയും സമ്മതത്തെയും കുറിച്ചും, വ്യവസ്‌ഥിതികളെ സ്ത്രീകൾ എങ്ങനെ തങ്ങൾക്കനുകൂലമായി ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും ഒക്കെ ലോകം ഇനിയും പഠിച്ചു വരുന്നതേയുള്ളുവെന്നും, അത് പൂർത്തിയാകുന്നത് വരെ താൻ ജീവിതം ആസ്വദിക്കാൻ പോവുകയാണെന്നും റിമ കുറിച്ചു. ഈ കുറിപ്പ് അടങ്ങിയ വിഡിയോയുടെ സ്ക്രീൻഷോട്ട് ആണ് ഗീതു മോഹൻദാസ് പങ്കുവച്ചത്. ഏറെ വിവാദമായ 2017ലെ ഗീതുവിന്റെ ‘സേ ഇറ്റ് (Say it)’ പ്രസ്‌താവനയുടെ തുടർച്ചയെന്നോണമായിരുന്നു ഗീതുവിന്റെ മറുപടി.
അന്ന് ‘കസബയ്ക്ക്’ എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്‌നമില്ലെന്നാണോ, എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. 2016-ൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കസബ’യെച്ചൊല്ലിയുള്ള വിവാദങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറത്തിൽ നടി പാർവതി തിരുവോത്ത് നടത്തിയ രൂക്ഷവിമർശനമാണ് സംഭവങ്ങളുടെ തുടക്കം. ചർച്ചയുടെ തുടക്കത്തിൽ സിനിമയുടെ പേര് പറയാൻ പാർവതി മടിച്ചെങ്കിലും, വേദിയിലുണ്ടായിരുന്ന സംവിധായിക ഗീതു മോഹൻദാസ് “സേ ഇറ്റ്, സേ ഇറ്റ്” (അത് പറയൂ) എന്ന് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് പാർവതി ‘കസബ’യുടെ പേരെടുത്തു പറഞ്ഞ് വിമർശനം ഉന്നയിച്ചത്.
ഈ സംഭവം പുറത്തുവന്നതോടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർക്കും ചിത്രത്തിനും നേരെയും വ്യാപകമായ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ഉയർന്നു. സിനിമയിലെ സ്ത്രീവിരുദ്ധത പൊതുവേദിയിൽ ചോദ്യം ചെയ്യപ്പെട്ടത് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് വലിയ നാണക്കേടുണ്ടാക്കുന്ന ഒന്നായി മാറി. എന്നാൽ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ മാസ്സ് ഡയലോഗുകളും, പുകവലിയും, ആഘോഷിക്കപ്പെടുന്ന ആണത്തവും നിറഞ്ഞ ഒരു ചിത്രമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.