
പുതിയ സിനിമയുടെ അപ്ഡേറ്റുകൾ നൽകി ഉണ്ണിമുകുന്ദൻ. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗന്ധർവ ജൂനിയർ. സിനിമയുടെ ചിത്രീകരണം 2023 ൽ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് സിനിമയുടെ അപ്ഡേറ്റുകൾ ഒന്നും അണിയറപ്രവർത്തകർ പങ്കിട്ടിരുന്നില്ല. ഗന്ധർവ ജൂനിയർ എന്ന സിനിമ സൂപ്പർ ഹീറോ ചിത്രമാണെന്നും സിനിമ ഉടൻ ഉണ്ടാകുമെന്നും നടൻ പറഞ്ഞു. മാർക്കോ പോലെ തന്നെ ഒരുപാട് വർഷമായി ഈ സിനിമയുടെ പണിപ്പുരയിൽ ആണ് താനെന്നും നടൻ കൂട്ടിച്ചേർത്തു. തമിഴിൽ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘ഇപ്പോൾ എനിക്ക് നല്ല പ്രൊജെക്ടുകൾ വരുന്നുണ്ട്, നന്നായി അത് ചെയ്യാൻ സാധിക്കുന്നുമുണ്ട്. എന്റെ വരാൻ പോകുന്ന അടുത്ത ചിത്രം ഗന്ധർവ എന്ന സിനിമയാണ്. ഇതൊരു സൂപ്പർ ഹീറോ ചിത്രമാണ്. ഞാൻ കുറച്ചു കാലമായി ഈ സിനിമയുടെ പുറകിലാണ്. മാർക്കോ തന്നെ ആറ് വർഷം മുന്നേ പ്ലാൻ ചെയ്തിരുന്ന ചിത്രമാണ്.
മാർക്കോ വരുന്നതിന് മുന്നേ എനിക്ക് ഒരു മാർക്കറ്റ് ആവശ്യമായിരുന്നു. അതിന് വേണ്ടി ഞാൻ ഒരു നാല് അഞ്ചു പടങ്ങൾ വേറെ ചെയ്തിരുന്നു. ഞാൻ എന്റെ സിനിമകൾ പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങി. ആദ്യമായി പ്രൊഡ്യൂസ് ചെയ്ത മേപ്പടിയാൻ സിനിമയ്ക്ക് എനിക്ക് നാഷണൽ അവാർഡ് ലഭിച്ചിരുന്നു,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു. കഠിനാധ്വാനം ഒരിക്കലും വെറുതായാകില്ലെന്നും ദെെവത്തിന്‍റെ കരുണ കൂടി തനിക്കൊപ്പമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേര്‍ത്തു.
‘സെക്കൻഡ് ഷോ’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ഗന്ധർവ്വ ജൂനിയർ’. ഗന്ധർവ്വൻ ആയാണ് സിനിമയിൽ ഉണ്ണി മുകുന്ദൻ സിനിമയിൽ എത്തുന്നതെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന് കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അതിനിടെ തന്നെ അൽഫോൻസ് പുത്രന്റെ കൂടെയും പുതിയ പടം താൻ ചെയ്യാൻ പോവുകയാണെന്നും ചർച്ചകൾ നടക്കുകയാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞിട്ടുണ്ടായിരുന്നു.അൽഫോൺസ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. നിങ്ങൾക്ക് എല്ലാവര്‍ക്കും പ്രേമം ഇഷ്ടമല്ലേ, നിവിൻ പോളി ഫാൻസ് അല്ലേ നിങ്ങൾ എല്ലാവരും. അൽഫോൻസ് ആയി ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ സിനിമ ഉണ്ടാകും. നല്ല കാര്യം നടന്നാൽ ഉറപ്പായും നിങ്ങളുമായി പങ്കുവെക്കും’; ഉണ്ണിമുകുന്ദൻ പറഞ്ഞു. വേദിയിൽ നിന്നുള്ള ഉണ്ണിമുകുന്ദന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.
മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാർക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ എത്തിയത് നിഖില വിമലിനൊപ്പം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിലായിരുന്നു. അതേസമയം, മാർക്കോ ഉണ്ടാക്കിയ ഓളം ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന് നേടാനായിട്ടില്ല. വ്യത്യസ്തമായ രീതിയിലായിരുന്നു സമീപ കാലത്ത് ഇറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ്. വിനയ് ഗോവിന്ദ് സംവിധാനത്തിലെത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസുമാണ് നിർമാതാക്കൾ.
2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി. 2017-ൽ റിലീസായ മാസ്റ്റർ പീസ് സിനിമ വിജയിച്ചില്ലെങ്കിലും അതിലെ വില്ലൻ വേഷമായ എ.സി.പി. ജോൺ തെക്കൻ ഐ.പി.എസ് ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ ക്ലിൻറ് എന്ന സിനിമയിൽ ക്ലിൻറിൻ്റെ അച്ഛൻ വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു. തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു. തുടർന്ന് നിരവധി തമിഴ് തെലുഗു സിനിമകളിൽ സഹതാരമായും അഭിനയിച്ചിട്ടുണ്ട്.
2017 ൽ ഇറങ്ങിയ സഹ്യൻസ് എന്ന സിനിമയിലെ അനുരാഗം പുതുമഴ എന്ന ഗാനത്തിന്റെ വരികൾ എഴുതിയതും ആലപിച്ചതും ഉണ്ണി മുകുന്ദനാണ്.
പിന്നീട് 2018 ലെ ചാണക്യ തന്ത്രം എന്ന സിനിമയിലെ ഏതോ വഴിത്താരയിൽ എന്ന ഗാനവും, അതീ വർഷമിറങ്ങിയ കുട്ടനാടൻ ബ്ലോഗിലെ ചാർത്തി നീ എന്ന ഗാനവും ഉണ്ണി മുകുന്ദൻ തന്നെയാണ് ആലപിച്ചത്.