പ്രശസ്ത നടന്‍ ജി.കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 1924-ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍ കീഴില്‍ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായാണ് ജനനം. ജി.കേശവപിള്ള എന്നതാണ് യഥാര്‍ത്ഥ പേര്. പതിഞ്ചാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹം പന്ത്രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. അതിനിടയ്ക്കാണ് പ്രേം നസീറിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് ജി.കെ പിള്ളയെ സിനിമയോട് അടുപ്പിച്ചത്. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വില്ലന്‍ വേഷങ്ങളിലൂടെയാണ് ജി.കെ പിള്ള ശ്രദ്ധ നേടുന്നത്. എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം. 2005-മുതലാണ് ജി.കെ പിള്ള ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. കടമറ്റത്തു കത്തനാര്‍ ആയിരുന്നു ആദ്യ സീരിയല്‍. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഭാര്യ പരേതയായ ഉത്പലാക്ഷിയമ്മ. മക്കള്‍ – പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍.