“പഞ്ചാഗ്നി’യിലെ ‘ഇന്ദിര’മുതൽ സലാല മൊബൈലിലെ സഫിയുമ്മ വരെ”; നായിക ഗീതയ്ക്ക് പിറന്നാൾ ആശംസകൾ.

','

' ); } ?>

വാത്സല്യം എന്ന ചിത്രത്തിലെ “മാലതി” എന്ന ഒറ്റകഥാപാത്രം മതി നടി ഗീതയെ മലയാളികൾ എന്നും ഓർക്കാൻ. ‘പഞ്ചാഗ്നി’യിലെ ‘ഇന്ദിര’മുതൽ സലാല മൊബൈലിലെ സഫിയുമ്മ വരെ. ആ തമിഴ് പെൺകുട്ടി മലയാള സിനിമയ്ക്ക് നൽകിയ അഭിനയ മുഹൂർത്തങ്ങളും കഥാപത്രങ്ങളും ചെറുതല്ല. അഞ്ചു വ്യത്യസ്ത ഭാഷകളിൽ 200 ലധികം സിനിമകൾ. ഇന്ത്യൻ സിനിമയിലെ ബാല്യം മുതൽ അമ്മ വേഷം വരെ ഗീതയുടെ കയ്യിൽ ഭദ്രമായിരുന്നു. അഭിനയ ജീവിതത്തിന്റെ മൂന്നു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നായിക ഗീതയ്ക്ക് പിറന്നാൾ ആശംസകൾ.

1978-ൽ രജനീകാന്തിന്റെ സഹോദരിയായി തമിഴ് സിനിമയിലൂടെയാണ് ഗീതയുടെ അരങ്ങേറ്റം. അന്ന് ഗീത ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. എന്നാൽ അഭിനയ ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് പഠനമോ സിനിമയോ എന്ന ചോദ്യത്തിൽ ഒട്ടും ചിന്തിക്കാതെ ഗീത തിരഞ്ഞെടുത്തത് സിനിമയാണ്. പഠനം നിർത്തി മുഴുവൻ ശ്രദ്ധയും അഭിനയത്തിലേക്ക്. പിൽ കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ ആ പെൺകുട്ടിക്ക് ഒരിക്കൽ പോലും കുറ്റബോധമോ നിരാശയോ തോന്നേണ്ടി വന്നിട്ടുണ്ടാകില്ലെന്നും തീർച്ചയാണ്.

1986-ൽ കെ. ജി. ജോർജ്ജ് സംവിധാനം ചെയ്ത ‘പഞ്ചാഗ്നി’യിലെ ‘ഇന്ദിര’ എന്ന കഥാപാത്രം ഗീതയെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തി. ചിത്രത്തിലെ പ്രകടനം അവരെ വളരെ വേഗം മുൻ നിര നായിക പദവിയിലേക്ക് ഉയർത്തി. കൂടാതെ ദേശീയതലത്തിൽ തന്നെ പ്രശംസ നേടി കൊടുക്കയും ചെയ്തു. അതേ വർഷം പുറത്തിറങ്ങിയ ‘സുഖമോ ദേവി’, ‘ക്ഷമിച്ചു എന്നൊരു വാക്ക്’, ‘ആവനാഴി’, ‘ഗീതം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഗീത മലയാള സിനിമയിലെ ജനപ്രിയതാരമായി.

1989-ൽ ‘ഒരു വടക്കൻ വീരഗാഥ’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പമുള്ള നിരവധി ചിത്രങ്ങൾ ഗീതയുടെ കരിയറിൽ നിർണായകമായി.

കന്നഡ സിനിമകളിൽ രാജ്കുമാർ, അനന്ത് നാഗ്, അംബരീഷ്, വിഷ്ണുവർധൻ തുടങ്ങിയ പ്രമുഖരോടൊപ്പം അഭിനയിച്ച ഗീത, പതിനഞ്ചിലധികം സിനിമകളിൽ അംബരീഷിനൊപ്പമുള്ള ജോടിയായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ‘ധ്രുവതാരെ’, ‘അനുരാഗ അരളിത്’, ‘ശ്രുതി സെറിദാഗ’, ‘ആകസ്മിക’ തുടങ്ങിയ സിനിമകൾ ഗീതയുടെ കന്നഡ അഭിനയമികവുകൾക്ക് ഉദാഹരണങ്ങളാണ്.

തെലുങ്ക്, ഹിന്ദി സിനിമകളിലും ഗീതയുടെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. കെ. വിശ്വനാഥിൻ്റെ ‘സാഗരസംഗമം’ സിനിമയിലെ അതിഥി വേഷം ശ്രദ്ധ നേടി. സിനിമയ്ക്കു പുറമേ ‘കൈ അലവു മനസു’, ‘എങ്കിരിന്തോ വന്താൽ’, ‘കഥ കഥയാം കാരണമാം’, ‘രാജകുമാരി’ തുടങ്ങിയ തമിഴ് സീരിയലുകളിലും അവർ അഭിനയിച്ചു.

1997-ൽ ഗീത അമേരിക്കൻ സിപിഎയായ വാസൻ തത്തമിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകനുണ്ട്. 1998 മുതൽ 2002 വരെ അഭിനയത്തിൽ നിന്നും ഇടവേള എടുത്തെങ്കിലും, 2003-ൽ വീണ്ടും സിനിമയിലേക്കു തിരിച്ചെത്തി. പിന്നീട് ‘നുവ്വോസ്തൻ്റെ നേനോട്ടന്തനാ’, ‘പൗർണമി’, ‘സന്തോഷ് സുബ്രഹ്മണ്യം’, ‘ശിവകാശി’, ‘ഒരു മഹൻ ’, ‘തമ്മിഴ്’, ‘ഉണക്കും എനക്കും’ തുടങ്ങിയ സിനിമകളിൽ അമ്മാ വേഷങ്ങളിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടി.