മലയാള സിനിമയിൽ നാല് പതിറ്റാണ്ട് ,40 സിനിമകൾ ; സിബി മലയിലിന് ഗുരു പൂജയൊരുക്കാനൊരുങ്ങി ശിഷ്യന്മാർ

','

' ); } ?>

മലയാള സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിട്ട് സംവിധായകൻ സിബി മലയിൽ. 40 വർഷത്തെ സിനിമാ ജീവിതത്തിൽ മലയാളികൾക്ക് നൽകിയതോ ഒരു പിടി അനശ്വര ചിത്രങ്ങളും. മുത്താരംകുന്ന് പിഒ മുതൽ കൊത്ത് വരെ. സിബി മലയിൽ എന്ന സംവിധായകന്റെ കഴിവിനപ്പുറത്തേക്കൊരു അത്ഭുതം കൂടിയാണ് ഈ നാല് പതിറ്റാണ്ട്. 40 കൊല്ലത്തിൽ 40 സിനിമകൾ.

തന്റെ സിനിമകളിൽ കഥയ്ക്കപ്പുറത്തേക്കൊരു ജീവിതം നിഴലിച്ച് നിൽക്കണമെന്ന് വാശിയുള്ളൊരു കലാകാരൻ. വാരി വലിച്ച് സിനിമകൾ ചെയ്യാതെ സമയവും സന്ദർഭവും നോക്കി എണ്ണം പറഞ്ഞ സിനിമകളെടുത്ത് മലയാള സിനിമയ്ക്ക് പുതിയൊരു രീതി പരിചയപ്പെടുത്തി കൊടുത്ത സംവിധായകൻ. പ്രത്യേകിച്ച് 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും. ചെക്കേരനൊരു ചില്ല (1986), തനിയാവർത്തനം (1987), വിചാരണ (1988), കിരീടം (1989), ദശരഥം (1989), ഹിസ് ഹൈനസ് അബ്ദുള്ള (1990), മലയോഗം (1990), ഭരതം (1991) , സദയം (1992 ), സദയം (9 അകം 92), ചെങ്കോലും (1993) സാഗരം സാക്ഷിയും (1994) എന്നിവ ഉദാഹരണങ്ങളാണ്. ഭരതം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലിന് മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ലഭിച്ചത്

1985 ജൂൺ 21 ആണ് മുത്താരംകുന്ന് പിഒ എന്ന ചലച്ചിത്രം റിലീസ് ആകുന്നത്. ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസന്റെ തിരക്കഥ. മുകേഷ് ആയിരുന്നു നായകൻ. പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ മിക്കവാറും സിനിമകളിൽ തിരക്കഥ എഴുതിയിരിക്കുന്നത് ലോഹിതദാസ് ആയിരുന്നു.
സ്വതന്ത്ര സംവിധായകനാകുന്നതിന് മുമ്പ് പ്രിയദർശൻ , ഫാസിൽ തുടങ്ങിയ പ്രമുഖ സംവിധായകരെ സഹായിച്ചിട്ടുണ്ട് . ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) യുടെ പ്രസിഡന്റ് കൂടിയാണ് സിബി മലയിൽ.

ഇപ്പോഴിതാ 40 വർഷങ്ങൾക്കിപ്പുറം ആ സംവിധായകനെ ആദരിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട 18 ശിഷ്യന്മാർ. ജോസ് തോമസ് , സുന്ദർ ദാസ്, തോമസ് സെബാസ്റ്റ്യൻ, ഗിരീഷ് മാരാർ, അൻവർ ബഷീർ, അൻവർ സയിദ്, ജോയ് മാത്യു, ജോൺസി, രമ്യ രാജ് ഇവരുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

ജൂൺ 21 ന് ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് ഗുരു പൂജ ചടങ്ങുകൾ നടക്കും. മോഹൻലാൽ ആണ് മുഖ്യാതിഥി. സുരേഷ് ഗോപി, ശ്രീനിവാസൻ ജഗദീഷ്, ദിലീപ് , മുകേഷ്, മനോജ് കെ ജയൻ , ആസിഫ് അലി, സുധീഷ് , അംബിക, നിഖില വിമൽ എന്നിവരും ചടങ്ങിൽ പങ്കുകൊള്ളും.

മലയാള സിനിമയിലെ വിവിധ സംഘടന പ്രതിനിധികളും സിബിയ്ക്കു ആദരം അർപ്പിക്കും. ഒപ്പം സിബി മലയിനൊപ്പം പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകരും സംഗീത സംവിധായകരും ഉൾപ്പെടെ നിരവധിപേരുടെ സാന്നിധ്യവും ഉണ്ടാവും .

സിബിയുടെ തിരഞ്ഞെടുക്കപ്പെട്ട ആറ് സിനിമകളിൽ നിന്നുള്ള പാട്ടുകളും 3 സിനിമകളിൽ നിന്നുള്ള നൃത്തത്തിന്റെ പുനരാവിഷ്കാരവും ഗുരു സന്ധ്യക്ക് ശോഭ പകരും. ഗായകരായ സുധീപ് കുമാർ, അഫ്സൽ, ചിത്ര അരുൺ , പ്രീതി എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത നിശ നടക്കുന്നത്. സംഗീത സംവിധായകൻ വിദ്യ സാഗറും ചടങ്ങിൽ പങ്കു ചേരും.

മുൻപും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ നടന്നിട്ടുണ്ടെങ്കിലും ശിഷ്യന്മാരുടെ നേതൃത്യത്തിൽ ഇങ്ങനെ ഒരു ചടങ്ങു നടക്കുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമാണ് . നിലവിൽ സിബിയുടെ 18 ശിഷ്യഗണങ്ങളും അവരുടെ കുടുംബവും ഗുരുവിനോടൊപ്പം എല്ലാ വർഷവും ഒത്തുചേരാറുണ്ട്. കഴിഞ്ഞ 3 വർഷമായി നവംബറിലാണ് ഒത്തുചേരൽ നടന്നിരുന്നത്. തങ്ങളുടെ ഓർമകളും സിനിമ അനുഭവങ്ങളും ഓർമ്മവച്ചു അവർ ഒത്തുചേരൽ ഗംഭീരമാക്കിയിരുന്നു. അതിന്റെ തുടർച്ചയാണ് തങ്ങളുടെ ഗുരുവിനെ ആദരിക്കാൻ ശിഷ്യന്മാർ മുന്നിട്ടിറങ്ങിയതും.