
വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ല് കണ്ടെത്തി വനം വകുപ്പ്. പുലിപ്പല്ല് തായ്ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന് വേടന്‍ നല്‍കിയ മറുപടി. എന്നാല്‍ പുലിപ്പല്ല് നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ഇന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിൽ വേദന അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സംഭവം.
കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്. വേടനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നതിന് പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപെടുത്തും. അതേസമയം വേടന്റെ ഒപ്പമുണ്ടായിരുന്നവരുടെ വാഹനവും പൊലീസ് പരിശോധിക്കുന്നുണ്ട്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ തന്നെ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.
രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇപ്പോള്‍ പറയാനാകില്ലെന്നും സിഐ വ്യക്തമാക്കി.രാസലഹരിക്കെതിരെ നേരത്തേ റാപ്പർ വേടൻ വേദികളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രചാരണം നടത്തിയിരുന്നു. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നാണ് ഇന്ന് രാവിലെ കഞ്ചാവ് പിടിച്ചെടുത്തത്. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്. പൊലീസിനെയും എക്സൈസിനെയും സംബന്ധിച്ച് ചെറിയ കേസാണെങ്കിലും നിരവധി യുവാക്കളെയടക്കം സ്വാധീനിക്കുന്ന വ്യക്തിയിൽ നിന്ന് ലഹരി കണ്ടെത്തിയത് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ വേടന്‍റെ ഫ്ലാറ്റിൽ നിന്ന് ഏഴു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്നാണ് പൊലീസ് നൽകിയ വിവരം. പിന്നീടാണ് ആറു ഗ്രാമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് തിരുത്തിയത്.
കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിൻറെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. ആരും സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. സിന്തറ്റിക് ഡ്രഗ്‌സുകള്‍ നമ്മുടെ തലമുറയുടെ തലച്ചോറിനെ കാര്‍ന്നുതിന്നുകയാണെന്നും നിരവധി മാതാപിതാക്കളാണ് തന്‍റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്നും വേടന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടിയിലായിരുന്നു. പിടിയിലായ കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട് . സമീർ താഹിറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് ലഹരി ഉപയോഗിച്ചതെന്നും സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ സമീറിന് നോട്ടീസ് അയക്കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ളാറ്റിൽ എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംവിധായകരടക്കം മൂന്നു പേര്‍ പിടിയിലായത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. പിടികൂടിയ കഞ്ചാവ് അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയത്. പിടിയിലായവർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും എക്‌സൈസ് അറിയിച്ചു. ഇവർക്ക് കഞ്ചാവ് നൽകിയവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകും.