സാമ്പത്തിക തട്ടിപ്പ് കേസ്; ‘അഭിലാഷം’ സിനിമയുടെ സംവിധായകനടക്കം ആറു പേർക്കെതിരെ കേസ്

','

' ); } ?>

കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്ന നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ. ‘അഭിലാഷം’ സിനിമയുടെ നിര്‍മാണക്കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ മാനേജിങ് പാർട്ട്ണറായ ആൻ സരിഗ ആന്റണിയാണ് പരാതി നൽകിയത്. ഹിൽ പാലസ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംവിധായകൻ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കോപ്പി റൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫി ആക്ട്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് നിലവിൽ ആറു പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം മനഃപൂർവം വൈകിപ്പിച്ചുവെന്നും 3.25 കോടി രൂപ ചെലവാക്കിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ , സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്ക് തന്റെ സമ്മതമില്ലാതെ സംവിധായകൻ കൈക്കലാക്കി എന്നും പരാതിക്കാരിയായ ആൻ സരിഗ ആരോപിച്ചു. 97,00,000 രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും രണ്ട് കോടി രൂപയുടെ വ്യാപാര നഷ്ടവും അടക്കം നാല് കോടി രൂപയുടെ അന്യായ നഷ്ടം സംഭവിച്ചുവെന്നാണ് നിർമാതാക്കളുടെ പരാതി.

സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘അഭിലാഷം’. ‘മണിയറയിലെ അശോകന്’ ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമാണിത്. സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിച്ച സിനിമയുടെ തിരക്കഥ രചിച്ചത് ജെനിത് കാച്ചപ്പിള്ളിയാണ്.