വിമാനപകടത്തിനു പിന്നാലെ കാണാതായ ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരണപ്പെട്ടതായി സ്ഥിതീകരണം

','

' ); } ?>

എയർ ഇന്ത്യാ വിമാനപകടത്തിനു പിന്നാലെ കാണാനില്ലെന്ന് പരാതിപ്പെട്ട ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. വിമാനം വീണ് തീപ്പിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മഹേഷ് കലവാഡിയ എന്നാണ് യഥാർത്ഥ പേര്.

ഈ മാസം പതിനാറാം തീയതി മഹേഷ് ജിറാവാലയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. അപകടം നടന്ന ദിവസം മഹേഷ് അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ പരിചയക്കാരനെ കാണാന്‍ പോയതാണെന്നായിരുന്നു ഭാര്യ ഹേതലിന്റെ മൊഴി.’1.14 ആയപ്പോള്‍ മഹേഷ് വിളിച്ചിരുന്നു. കൂടിക്കാഴ്ച അവസാനിച്ചെന്നും വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും പറഞ്ഞു. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ തിരിച്ചുവിളിച്ചു. പക്ഷേ, ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു’, ഹേതലിന്റെ മൊഴി

ഫോണിന്റെ ഏറ്റവും ഒടുവിലെ ലൊക്കേഷന്‍ കാണിച്ചിരുന്നത്, ദുരന്തസ്ഥലത്തുനിന്ന് 700 മീറ്റര്‍മാത്രം അകലെയാണ്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് പറയുന്നയര്‍ന്നത് 1.39-ന് ആയിരുന്നു. 1.40-ന് മഹേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. സാധാരണ വീട്ടിലേക്ക് മഹേഷ് ഈ വഴി തിരഞ്ഞെടുക്കാറില്ലെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടസ്ഥലത്തുനിന്ന് മഹേഷ് ജിറാവാലയുടെ സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനു മുൻപ് അവസാനം ട്രാക്ക് ചെയ്തതും ഇതേ സ്ഥലത്തായിരുന്നു. ഇതെല്ലാം അദ്ദേഹം അപകടത്തിൽപ്പെട്ടവരിൽ ഒരാളായിരിക്കാനുള്ള സാധ്യതയിലേക്ക് കൂടുതൽ വിരൽചൂണ്ടി. ഈ കണ്ടെത്തലുകളാണ് അപകടത്തിൽ അദ്ദേഹത്തിന്റെ ദാരുണമായ മരണം സ്ഥിരീകരിക്കാൻ ഒടുവിൽ സഹായിച്ചത്.

ഡിഎൻഎ പരിശോധനാ ഫലങ്ങളും മരിച്ചത് ജിറാവാലയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മഹേഷ് ജിറാവാല മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാത്തതിനാൽ മൃതദേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബം ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ, പോലീസ് അദ്ദേഹത്തിന്റെ ആക്ടീവയുടെ നമ്പറും ഡിഎൻഎ റിപ്പോർട്ടും ഉൾപ്പെടെ ശക്തമായ തെളിവുകൾ ഹാജരാക്കിയതിന് ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങാൻ കുടുംബം സമ്മതിച്ചത്. മഹേഷ് ജിറാവാലയുടെ മരണം ഗുജറാത്തി സിനിമാ ലോകത്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

സംഗീത ആല്‍ബങ്ങളുടെ സംവിധായകനും സംഗീതസംവിധായകനുമാണ് മഹേഷ് കലാവാദിയ. കൂടാതെ മഹേഷ് ജിറാവാല പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സിഇഒ കൂടിയായിരുന്നു അദ്ദേഹം. അഡ്വർടോറിയലുകളും സംഗീത വീഡിയോകളും സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനായിരുന്നു മഹേഷ്. ഗുജറാത്തി ഭാഷയിലുള്ള നിരവധി സംഗീത വീഡിയോകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ, ആശാ പാഞ്ചലും വൃത്തി താക്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കോക്ക്ടെയിൽ പ്രേമി പഗ് ഓഫ് റിവഞ്ച്’ എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ജൂൺ 12-ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ AI171 എന്ന ഫ്ലൈറ്റ് തകർന്നു വീഴുകയായിരുന്നു. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു. ഒരാൾ മാത്രമാണ് അതിജീവിച്ചത്.