മലയാള ചിത്രസംയോജകൻ റഹ്മാൻ മുഹമ്മദ് അലി അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മുപ്പത് വയസ്സായിരുന്നു. ഒരു നക്ഷത്രമുള്ള ആകാശം ആണ് അവസാനമായി എഡിറ്റിങ് പൂർത്തിയാക്കിയത്. ഷാനിൽ സംവിധാനം ചെയ്യുന്ന ചിത്രീകരണം തുടരുന്ന പേരിടാത്ത ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നതിനിടയിലായിരുന്നു അകാലത്തിലുള്ള വിടവാങ്ങൽ. മുപ്പത് വയസ്സായിരുന്നു. ചലച്ചിത്ര സാങ്കേതികരംഗത്തെ പ്രതിഭയായിരുന്ന റഹ്മാൻ പാപ്പി അപ്പച്ച എന്ന സിനിമയിൽ അസിസ്റ്റൻഡ് എഡിറ്ററായി പ്രവർത്തിച്ചു തുടങ്ങി. ‘ആകാശവാണി ‘, ‘ജോ ആന്‍ഡ് ദ് ബോയ്’, ‘കളി’, ‘ഒരു നക്ഷത്രമുള്ള ആകാശം’ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്നു.
കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലടക്കം സജീവമായിരുന്ന റഹ്മാനെ ഏതാനും ആഴ്ചകളായി പനി ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. ആഴ്ചകൾക്ക് മുമ്പ് തുർക്കി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം കടുത്ത പനിയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 4.30ന് മരണം സ്ഥിരീകരിച്ചു.