
ഇരട്ട നികുതിക്കെതിരെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന സിനിമാ സമരം താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനിച്ചു. വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് സിനിമാ സംഘടനകളുടെ ഈ തീരുമാനം. കൊച്ചിയിൽ ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് സമരപരിപാടികൾ നിലവിൽ വേണ്ടെന്ന ധാരണയിലെത്തിയത്. ഈ മാസം ഒൻപതാം തീയതി തിരുവനന്തപുരത്ത് വച്ചാണ് സർക്കാർ പ്രതിനിധികളുമായി സിനിമാ സംഘടനകൾ ചർച്ച നടത്തുന്നത്. ചർച്ചയിലെ തീരുമാനങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും സമരത്തിന്റെ ഭാവി കാര്യങ്ങൾ തീരുമാനിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ജിഎസ്ടിക്ക് പുറമെ സിനിമാ ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയ വിനോദ നികുതി ഒഴിവാക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.
കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് ജനുവരി ഒന്ന് മുതൽ സിനിമ നൽകില്ലെന്നായിരുന്നു തീരുമാനം. സർക്കാർ ചുങ്കക്കാരനും സിനിമാക്കാർ കളക്ഷൻ ഏജന്റും ആകുന്ന അവസ്ഥയാണ് നിലവിലെന്നും സിനിമ മേഖലയ്ക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചിരുന്നു.
മലയാള സിനിമാ മേഖല സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, 2025ൽ പുറത്തിറങ്ങിയ 185 ചിത്രങ്ങളിൽ സൂപ്പർഹിറ്റ് ആയത് ഒൻപത് ചിത്രങ്ങളാണെന്നും ഫിലിം ചേമ്പർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കഴിഞ്ഞ വർഷത്തെ സിനിമകളുടെ ലാഭ നഷ്ട കണക്കുകൾ ഫിലിം ചേംബർ പുറത്തു വിട്ടിരുന്നു.
പുറത്തിറങ്ങിയ 185 സിനിമകളിൽ 150 എണ്ണവും പരാജമായിരുന്നുവെന്നും, തീയറ്റര്‍ റിലീസ് ചെയ്ത് ആവറേജ് കളക്ഷന്‍ ലഭിക്കുകയും ഒടിടി വഴി കൂടി വരുമാനം ലഭിച്ച പത്തോളം ചിത്രങ്ങളും മുതല്‍ മുടക്ക് തിരിച്ചുപിടിച്ചതായും ഫിലിം ചേംബർ അറിയിച്ചു. കൂടാതെ മുഴുവനായും മലയാള സിനിമയ്ക്ക് 530 കോടിയുടെ നഷ്ടം ഉണ്ടായെന്നും ഫിലിം ചേംബർ കൂട്ടിച്ചേർത്തു.