
നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് സിനിമ സംഘടനയായ ഫെഫ്ക. നാളിതുവരെയും സംഘടനയുടെയും അംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ഭാഗ്യലക്ഷ്മിയെപ്പോലൊരാളുടെ രാജിക്കത്ത് ഏവരെയും ഏറെ വിഷമിപ്പിച്ചുവെന്നും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നു വെന്ന് കത്തിലൂടെ അറിയിച്ചതിനാൽ മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നുവെന്ന് ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയൻ പ്രസിഡൻ്റ് ഷോബി തിലകൻ പറഞ്ഞു.
ഭാഗ്യലക്ഷ്മി സംഘടനയുടെ അഭിമാനമാണെന്നും രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കുന്നുവെന്നും ഫെഫ്ക കത്തിൽ വിശദീകരിച്ചു. ഫെഫ്കയുടെ രൂപീകരണ കാലം മുതൽ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു.
ഡിസംബർ 9നാണ് യൂണിയനിൽനിന്നും രാജി വയ്ക്കുന്നുവെന്ന് അറിയിച്ച് ഭാഗ്യലക്ഷ്മി ഇമെയിൽ ചെയ്തത്. ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയനിൽ നിന്നും രാജിവച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കോടതി വിധി വന്നതിനു പിന്നാലെ ശകതമായ പ്രതിഷേധമായിരുന്നു ഭാഗ്യലക്ഷ്മി കാഴ്ചവെച്ചത്. “എന്തൊരു അനീതിയാണിത്? ഇതിൻ്റെ അർഥമെന്താണ്? അയാളുടെ പ്രായവും ജീവിതവും അമ്മയേക്കുറിച്ചുമൊക്കെ പരിഗണിക്കുന്നു. അതിജീവിതയ്ക്ക് അമ്മയുമില്ല, ജീവിതവുമില്ല, പ്രായവുമില്ല. അനീതിയാണിത്. സഹിക്കാനാവുന്നില്ല.” എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
നടിയെ അക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എട്ടു വർഷത്തിനുശേഷമാണ് വിധിവന്നത്. കേസില് എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.