
താൻ സ്റ്റൈൽ ചെയ്തിട്ടുള്ള യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടൻ പ്രണവ് മോഹൻലാൽ ആണെന്ന് തുറന്നു പറഞ്ഞ് ഫാഷൻ ഡിസൈനർ മെൽവി. ഡീയസ് ഈറേ എന്ന സിനിമയിലെ പ്രണവിന്റെ സ്റ്റൈൽ വളരെ രസമാണെന്നും സിനിമയുടെ ടീസറിലെ അദ്ദേഹത്തിന്റെ ലുക്കിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നതായും മെൽവി പറഞ്ഞു മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രണവ് മോഹൻലാൽ വളരെ സിമ്പിൾ ആണെന്ന് കേട്ടിട്ട് മാത്രമേയുള്ളൂ. ആദ്യമായി ‘ഡീയസ് ഈറെ’ എന്ന സിനിമയിൽ ആണ് കാണുന്നത്. കണ്ടപ്പോൾ വളരെ കൂൾ ആയ ഒരു മനുഷ്യൻ. ലൂസ് ഫിറ്റ് പാന്റും ലൂസ് ഷർട്ടും ധരിച്ചാണ് വന്നത്. ആ ഷർട്ടിന് നല്ല പ്രായമുണ്ടെന്ന് കണ്ടാൽ മനസിലാകും, പാന്റ്സിനും അതുപോലെ തന്നെ. ഡ്രസ്സിന്റെ കാര്യത്തിൽ ഒന്നും അത്ര കൺസേൺ അല്ലാത്ത ആളാണ് പ്രണവ്. ഒരു കൂൾ മനുഷ്യൻ’. മെൽവി പറഞ്ഞു.
‘ഹെയർ കട്ടിങ് കഴിഞ്ഞു എനിക്ക് പ്രണവിനെ തന്നു. ഞാൻ ഒരു ഷർട്ടും പാന്റും ആക്സസറീസ് എല്ലാം സെറ്റ് ചെയ്തു. ഡ്രസ് മാറി അദ്ദേഹം വന്നപ്പോൾ ഞാൻ ഇന്നുവരെ കണ്ട യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള ആള് പ്രണവ് ആണ്. ഞാൻ സ്റ്റൈലിൽ ചെയ്തതിൽ ഫിഗർ അടിപൊളിയാണ് പ്രണവിന്റെ. ഈ പടത്തിൽ പ്രണവിന്റെ സ്റ്റൈൽ വളരെ രസമാണ്. ടീസർ ലുക്കിൽ നല്ല അഭിപ്രായം ലഭിച്ചിരുന്നു,’ മെൽവി കൂട്ടിച്ചേർത്തു.
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ടീസർ അടുത്തിടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച വരവേൽപ്പാണ് ആരാധകരുടെ ഭാഗത്ത് നിന്നും ടീസറിന് ലഭിച്ചത്. പ്രണവ് മോഹൻലിന്റെ അഭിനയത്തിനും ലുക്കിനും കയ്യടികൾ വീണിരുന്നു.
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ടീസര്‍ സമ്മാനിക്കുന്നത്. മികച്ച ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു വരികയാണ്.