
മഹേഷ് ബാബു ചിത്രം ഖലീജയുടെ റീ റിലീസിനിടെ ജീവനുള്ള പാമ്പിനെ കയ്യിൽ പിടിച്ച് തിയേറ്ററിലൂടെ നടന്ന് ആരാധകൻ. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം തന്നെ വലിയ തോതിലുള്ള വിമർശനവും സംഭവത്തിനെതിരെ വരുന്നുണ്ട്.
പുത്തൻ സിനിമകളുടെ റിലീസ് സമയങ്ങളിൽ അഭിനേതാക്കളോടുള്ള ആരാധകരുടെ അമിത ആവേശം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. സിനിമയിലെ മഹേഷ് ബാബുവിന്റെ ഒരു രംഗമാണ് ആരാധകൻ റീ ക്രീയേറ്റ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ തിയേറ്ററിനുള്ളിൽ പേടിക്കുന്നതും വീഡിയോയിൽ കാണാം. നേരത്തെ മഹേഷ് ബാബുവിന്റെ സിനിമാ പോസ്റ്ററിൽ കൈ മുറിച്ച് രക്തം പുരട്ടുന്ന ആരാധകന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മഹേഷ് ബാബു ഫാൻസ് അതിരു കടക്കുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയിൽ പരക്കെയുള്ള സംസാരം.
അതേസമയം, 2010 ൽ ഖലീജ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോട് അനുബന്ധിച്ചാണ് സിനിമ തിയേറ്ററിൽ എത്തിയത്. ഖലീജ അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിജയ് നായകനായ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ 32 കോടി രൂപയായിരുന്നു ഇത് ഖലീജ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
ഒരു ഇന്ത്യന്‍ സിനിമ റീ റിലീസിലൂടെ നേടുന്ന ഏറ്റവും വലിയ ഓപണിംഗ് ഖലീജ സ്വന്തമാക്കുമോ എന്നറിയാനാണ് ട്രേഡ് അനലിസ്റ്റുകള്‍ കാത്തിരിക്കുന്നത്. സനം തേരി കസം എന്ന ചിത്രമാണ് ഇന്ത്യന്‍ റീ റിലീസുകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ കളക്റ്റ് ചെയ്ത ചിത്രം. ഇന്ത്യയില്‍ നിന്നുള്ള 33 കോടിയടക്കം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 53 കോടിയാണ് ചിത്രം നേടിയിരുന്നത്.
.