മഹേഷ് ബാബുവിന്റെ സിനിമാ പോസ്റ്ററിൽ കൈ മുറിച്ച് രക്തം പുരട്ടി ആരാധകർ

','

' ); } ?>

മഹേഷ് ബാബുവിന്റെ സിനിമാ പോസ്റ്ററിൽ കൈ മുറിച്ച് രക്തം പുരട്ടുന്ന ആരാധകന്റെ വീഡിയോ വൈറൽ. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ഒരുക്കിയ ‘ഖലീജ’ എന്ന സിനിമയുടെ റീ റിലീസ് പ്രദർശനത്തിനിടെയാണ് ഈ അതിരു കവിഞ്ഞ ആരാധനാ പ്രകടനം. സിനിമയുടെ ഫസ്റ്റ് ഷോ ആഘോഷമാക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു ആരാധകൻ മഹേഷ് ബാബുവിന്റെ പോസ്റ്ററിൽ കൈ മുറിച്ച് രക്തം പുരട്ടിയും, മറ്റൊരു ആരാധകൻ നെഞ്ചിൽ ആഞ്ഞടിച്ചുമാണ് നടനോടുള്ള ആരാധന പ്രകടിപ്പിച്ചത്. തിയേറ്ററിന് പുറത്ത് കൂറ്റൻ കട്ട് ഔട്ടുകളും നിറയുകയാണ്.

അതേസമയം, 2010 ൽ ഖലീജ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പരാജയമായിരുന്നു. പിന്നീട് ടെലിവിഷൻ ടെലികാസ്റ്റിലൂടെയാണ് ചിത്രത്തിന് ഫാൻ ബേസ് കൂടിയത്. മഹേഷ് ബാബുവിന്‍റെ അച്ഛനും ചലച്ചിത്ര നടനുമായിരുന്ന, അന്തരിച്ച കൃഷ്ണയുടെ ജന്മവാര്‍ഷികദിനത്തോട് അനുബന്ധിച്ചാണ് സിനിമ തിയേറ്ററിൽ എത്തിയത്. ഖലീജ അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയോളം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിജയ് നായകനായ ഗില്ലിയുടെ റീ റിലീസ് കളക്ഷൻ 32 കോടി രൂപയായിരുന്നു ഇത് ഖലീജ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.

ഒരു ഇന്ത്യന്‍ സിനിമ റീ റിലീസിലൂടെ നേടുന്ന ഏറ്റവും വലിയ ഓപണിം​ഗ് ഖലീജ സ്വന്തമാക്കുമോ എന്നറിയാനാണ് ട്രേഡ് അനലിസ്റ്റുകള്‍ കാത്തിരിക്കുന്നത്. സനം തേരി കസം എന്ന ചിത്രമാണ് ഇന്ത്യന്‍ റീ റിലീസുകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ കളക്റ്റ് ചെയ്ത ചിത്രം. ഇന്ത്യയില്‍ നിന്നുള്ള 33 കോടിയടക്കം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 53 കോടിയാണ് ചിത്രം നേടിയിരുന്നത്.

പുത്തൻ സിനിമകളുടെ റിലീസ് സമയങ്ങളിൽ അഭിനേതാക്കളോടുള്ള ആരാധകരുടെ അമിത ആവേശം വാർത്തകളിൽ ഇടം നേടാറുണ്ട്. കൂറ്റൻ ബാനറുകളിൽ പാലഭിഷേകം നടത്തുന്നതും പടക്കം പൊട്ടിക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചകളാണ്. അതിരു കടന്നുള്ള ആരാധന പല ആവർത്തി അപകടം വരുത്തി വെച്ചപ്പോൾ താരങ്ങൾ തന്നെ ഫാൻസുകാരോട് ഇവ നിര്‍ത്താന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുമുണ്ട്.