വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു; കൊല ചെയ്തത് മകനെന്ന് റിപ്പോർട്ടുകൾ

','

' ); } ?>

വിഖ്യാത ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യ ഗായിക മിഷേല്‍ റെയ്‌നറും കൊല്ലപ്പെട്ടു. ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റോബിന്റേയും മിഷേലിന്റെയും മകന്‍ നിക്ക് ആണ് ഇരട്ടകൊലയ്ക്ക് പിന്നിലെന്നാണ്. ലോസ് ആഞ്ചല്‍സിലെ വീട്ടിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു.

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് കൊല്ലപ്പെത് റോബും മിഷേലുമാണെന്ന് കണ്ടെത്തിയത്. റോബിന് 78 വയസും മിഷേലിന് 68 വയസുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഭവസ്ഥലത്തു നിന്നും പൊലീസിന് കത്തി കിട്ടിയിട്ടുണ്ട്. അതേസമയം പൊലീസിന്റെ ഭാഗത്തു നിന്നും ഇത് സ്ഥിരീകരിക്കുന്ന പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

കൊലപാതകവുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരേയും പുറത്ത് വിട്ടിരുന്നില്ല. ലോസ് ആഞ്ചല്‍സ് പൊലീസിലെ റോബറി ആന്റ് ഹോമിസൈഡ് വിഭാഗം ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. നടനായും സംവിധായകനായും സാന്നിധ്യമറിയിച്ച വ്യക്തിയാണ് റോബ്. കോമഡി ഇതിഹാസം കാള്‍ റെയ്‌നറുടെ മകനാണ്. ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്, എ ഫ്യു ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദ പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, ദി ബക്കറ്റ് ലിസ്റ്റ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് റോബ് റെയ്‌നര്‍.