സൂര്യ ചിത്രം ‘എതര്‍ക്കും തുനിന്തവന്‍’ റിലീസ് പ്രഖ്യാപിച്ചു

','

' ); } ?>

സൂര്യ നായകനായെത്തുന്ന ‘എതര്‍ക്കും തുനിന്തവന്‍’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷമാണ് സൂര്യ നായകനായെത്തുന്ന ചിത്രം തീയേറ്ററുകളിലെത്തുന്നത്.മാര്‍ച്ച് 10ന് ചിത്രം പ്രേക്ഷരിലെത്തും.

നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. ഡോക്ടര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. സൂരി, വിനയ്, ശരണ്യ പൊന്‍വര്‍ണന്‍, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

രത്‌നവേലുവാണ് ഛായാഗ്രഹണം. നടന്‍ ശിവ കാര്‍ത്തികേയന്‍, വിഘ്‌നേശ് ശിവന്‍, യുഗഭാരതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മാണം.

തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തീയേറ്റര്‍ റിലീസിനെത്തുന്നത്. സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവില്‍ ഓടിടിയില്‍ റിലീസിനെത്തിയത്.ജയ് ഭീം ആണ് സൂര്യ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.ജ്ഞാനവേല്‍ സംവിധാനം ചെയ്ത സിനിമയാണ് ജയ് ഭീം.ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന നായകനെയായിരുന്നു ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ചത്.തമിഴ്‌നാട്ടിലെ ഇരുള സമുദായത്തിലെ ജനങ്ങള്‍ അനുഭവിച്ച് പൊലീസ് ക്രൂരതയെ കുറിച്ചാണ് സിനിമ പറയുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.പരിയേറും പെരുമാള്‍, വിസാരണൈ, കര്‍ണ്ണന്‍, അസുരന്‍ തുടങ്ങീ ദളിത് ജീവിതങ്ങളെ അടയാളപ്പെടുത്തിയ മനോഹരമായ ചിത്രങ്ങളുടെ പട്ടികയിലേക്ക് എടുത്തുവെയ്ക്കാവുന്ന ചിത്രമാണ് ജയ് ഭീം. സൂര്യ എന്ന താരത്തെ മുന്‍നിര്‍ത്തിയെടുത്ത ചിത്രമല്ല എന്നതും സൂപ്പര്‍ താരത്തിന് വേണ്ടി തിരക്കഥയില്‍ യാതൊരു മാറ്റവും വരുത്തിയില്ല എന്നതുമാണ് ജയ് ഭീമിനെ ശ്രദ്ധേയമാക്കുന്നത്. അരികുവത്കരിക്കപ്പെട്ട ദളിതരുടെ പൊള്ളുന്ന ജീവിതം നീറുന്ന വേദനയായി അടയാളപ്പെടുത്തുന്ന ചിത്രം നിര്‍മ്മിക്കാന്‍ സൂര്യ തന്നെ തയ്യാറായി എന്നതും എടുത്ത് പറയേണ്ടുന്ന ഒന്നാണ്.