
മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ ലഭിക്കുന്ന സിനിമ എന്ന നേട്ടം സ്വന്തമാക്കി എമ്പുരാൻ. വെറും അഞ്ച് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഒരു വശത്ത് വിവാദങ്ങളും വിദ്വേഷ പ്രചാരണങ്ങളും മുറുകി നിൽക്കുമ്പോഴാണ് ചിത്രത്തിന്റെ നേട്ടം.
സിനിമ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. അതേസമയം, ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. 10 കോടിയിലധികം ഗ്രോസ് കളക്ഷനാണ് ചിത്രം കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നത്.