ചോദ്യം ചെയ്യലിന് ഹാജരായില്ല; നടൻ ശ്രീകാന്തിന് വീണ്ടും ഇഡിയുടെ സമൻസ്

','

' ); } ?>

മയക്കു മരുന്ന് കേസിൽ നടൻ ശ്രീകാന്തിന് വീണ്ടും ചോദ്യം ചെയ്യാനായി സമൻസയച്ച് എൻഫോഴ്‌സ്മെൻ്റ് ഡയറക്‌ടറേറ്റ്. ഒക്ടോബർ 28-ന് ഹാജരാവാൻ ആവശ്യപ്പെട്ടിട്ട് എത്താത്തതിനെ തുടർന്നാണ് ഇഡി വീണ്ടും സമൻസയച്ചിരിക്കുന്നത്. നവംബർ 11 നാണ് ശ്രീകാന്തിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേകേസിൽ പ്രതിയായ മറ്റൊരു നടൻ കൃഷ്‌ണ ഒക്ടോബർ 29-ന് ഇഡിക്കു മുന്നിൽ ഹാജരായിരുന്നു. അസുഖമാണെന്നു പറഞ്ഞാണ് ശ്രീകാന്ത് മുന്നേ ഹാജരാകാതിരുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് ശ്രീകാന്തിന്റെ മൊഴിയെടുക്കുക. ജൂണിലാണ് മയക്കുരുന്ന് കേസുമായി ബന്ധപ്പെട്ട് ശ്രീകാന്തിനും കൃഷ്ണകുമാറിനുമെതിരെ തമിഴ്‌നാട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയും രംഗപ്രവേശം ചെയ്തത്. ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ വാങ്ങിയെന്ന് തെളിവു ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റിലായത്. ഇതിന്റെ സാമ്പത്തികയിടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയും കണ്ടെടുത്തിരുന്നു.

കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവർക്കു പിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തുന്നത്. അറസ്റ്റിലായ അണ്ണാ ഡിഎംകെ മുൻഅംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തിയത്. നേരത്തേ കൃഷ്ണകുമാറിനേയും ശ്രീകാന്തിനേയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം മറ്റു ചിലരും കേസില്‍ അറസ്റ്റിലായി. പിന്നീട് മദ്രാസ് ഹൈക്കോടതിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കിയത്. പ്രസാദ് എന്ന എഐഎഡിഎംകെ നേതാവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇയാളാണ് മയക്കുമരുന്ന് ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എത്തിച്ചുനല്‍കിയതെന്നാണ് ആരോപണം.