കൃഷ്ണശങ്കര്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുക്ക് 2025ലെ പ്രണയ ഗാനം പുറത്തിറങ്ങി. ‘മാരന്‍ മറുകില്‍ ചോരും’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും ഭൂമിയും ചേര്‍ന്നാണ്. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് ഭൂമിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ബിലഹരിയാണ് ചിത്രം ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, സ്വാസിക, രഘുനാഥ് പലേരി തുടങ്ങിയവരാണ് ‘കുടുക്ക് 2025’ല്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.വി കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥാണ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
നേരത്തെയും കുടുക്കിലെ ഗാനം ഹിറ്റായിരുന്നു. ഹോളിവുഡ് സൂപ്പര്‍താരം ജേര്‍ഡ് ലെറ്റോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ ആണ് പാട്ടിന് വേറൊരു തലത്തില്‍ പ്രശസ്തി നല്‍കിയത്. പ്രശസ്തമായ ചില അവാര്‍ഡ് നൈറ്റുകളില്‍ സഹപ്രവര്‍ത്തകരുമൊത്തുള്ള ലെറ്റോയുടെ രസകരമായ നിമിഷങ്ങളാണ് വിഡിയോയില്‍ ഉള്ളത്. എന്നാല്‍ ആ വിഡിയോയുടെ പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നതോ, ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ലവ് ആക്ഷന്‍ ഡ്രാമയിലെ ‘കുടുക്ക്’ പാട്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഒരുകോടിയും ഫെയ്‌സ്ബുക്കില്‍ അറുപത് ലക്ഷവും ഫോളോവേര്‍സ് ഉള്ള ഹോളിവുഡ് താരമാണ് ലെറ്റോ. മാത്രമല്ല അഭിനയിച്ച ചിത്രങ്ങളിലൂടെ ഏറെ മലയാളി ആരാധകരുള്ള താരം കൂടിയാണ് അദ്ദേഹം. എന്തായാലും ലെറ്റോയുടെ ‘കുടുക്ക്’ പോസ്റ്റിനു താഴെ മലയാളികള്‍ ഒത്തുകൂടിയിരുന്നു. ‘ഇങ്ങേര് മലയാളി ആയിരുന്നോ?’, ‘ഒരു മലയാളം പാട്ട് അല്ലേ ഞാനിപ്പോ കേട്ടത്’…എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നതും. ജേര്‍ഡ് ലെറ്റോയുടെ ഫാന്‍പേജ് ആയ മാര്‍സ് അണ്‍സീന്‍ വിഡിയോസ് പേജില്‍ നിന്നുമാണ് ഈ ‘കുടുക്ക്’ വിഡിയോ താരം തന്റെ ഔദ്യോഗിക പേജിലേക്ക് ഷെയര്‍ ചെയ്തിരിക്കുന്നത്.