
തന്റേതായി ഇനി വരുന്നത് ഒരു മലയാള ചിത്രമായിരിക്കുമെന്ന് തുറന്നു പറഞ്ഞ് നടൻ ദുൽഖർ സൽമാൻ. അതൊരു വലിയ ചിത്രമായിരിക്കുമെന്നും, അതിന്റെ ബാക്കിയാണ് തന്റെ ഈ താടിയും മുടിയുമൊക്കെയന്നും ദുൽഖർ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം ‘കാന്തയുടെ’ പ്രമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
“ഞാനൊരുപാട് നാളായി ഒരു മലയാള സിനിമയുമായി വന്നിട്ട് എന്നറിയാം. അടുത്തത് വരാൻ പോകുന്നത് ഒരു മലയാള സിനിമയായിരിക്കും. ഒരു വലിയ മലയാള സിനിമയായിരിക്കും. ഒരു കൂൾ, സ്ലിക്ക്, സ്റ്റൈലിഷ്, ഫൺ സിനിമയായിരിക്കും. അത് പീരിയഡ് ഒന്നും ആയിരിക്കില്ല. അതിന്റെ കുറച്ച് ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ. നിങ്ങളെല്ലാവരും പൂർണമായും എൻജോയ് ചെയ്യുമെന്ന് ഞാൻ കരുതുന്നു”. – ദുൽഖർ പറഞ്ഞു.
ദുൽഖർ സൽമാന്റേതായി മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് ഐ ആം ഗെയിം. അന്യ ഭാഷകളിൽ തിരക്കേറിയതോടെ മലയാള സിനിമയിൽ നിന്ന് ചെറിയൊരിടവേള എടുത്തതായിരുന്നു ദുൽഖർ. ഐ ആം ഗെയ്മിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന. കാന്തയാണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പീരിയഡ് ഡ്രാമയായി എത്തുന്ന ചിത്രം നവംബർ 14 നാണ് റിലീസിനെത്തുന്നത്.