ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

','

' ); } ?>

നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. നഹാസ് ഹിദായത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ച വിവരം “ദ ലാസ്റ്റ് ഡാൻസ്” എന്ന കുറിപ്പോടെ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് ആണ് പുറത്തു വിട്ടത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് “ഐ ആം ഗെയിം” ഒരുങ്ങുന്നത്. 2026 ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അൻപറിവ്‌ മാസ്റ്റേഴ്സ് എന്നിവരാണ്. സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.