
ലോകയുടെ വിജയത്തിന് പിന്നാലെ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്ന് നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ ദുൽഖർ സൽമാൻ. ആരും ആദ്യം സിനിമയെ ഏറ്റെടുക്കാൻ വന്നിരുന്നില്ല എന്നും, അത് കൊണ്ട് തന്നെ ആദ്യ ഭാഗത്തിൽ കുറച്ച് നഷ്ടം വരുമെന്നാണ് തങ്ങൾ കരുതിയതെന്നുമായിരുന്നു ദുൽഖറിന്റെ വാക്കുകൾ. കൂടാതെ താൻ അഭിനയിച്ച സിനിമകൾ പോലും ഇത്രയും വലിയ ഹിറ്റായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
“ഇത് ഞങ്ങളുടെ ഏഴാമത്തെ പ്രൊഡക്ഷൻ ആണ്. ഇതുവരെ വളരെ സെയ്ഫ് ആയി ലാൻഡ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷേ ലോകയെപ്പോലെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഒരു അഭിനേതാവ് എന്ന നിലയിൽ പോലും എന്റെ ഒരു സിനിമയും ഇങ്ങനെ ഹിറ്റായിട്ടില്ല. ആദ്യ ഭാഗത്തിൽ കുറച്ച് നഷ്ടം വരുമെന്നാണ് ഞങ്ങൾ കരുതിയത്. നല്ല സിനിമയാകും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു പക്ഷേ സിനിമയുടെ ബജറ്റും വലുതായിരുന്നു”. ദുൽഖർ പറഞ്ഞു
ആദ്യം ആരും സിനിമയെ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇനി വരുന്ന ഭാഗങ്ങൾ കൂടുതൽ പൈസയുണ്ടാക്കും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള റിവ്യൂസും ആദ്യ ദിവസം മുതൽ ഞാൻ കണ്ടു തുടങ്ങി. അതുതന്നെ നല്ലൊരു സൂചനയായിരുന്നു. ഈ സിനിമയുടെ ഇത്ര വലിയ വിജയത്തെ ഞങ്ങൾക്ക് ആർക്കും ആദ്യം വിശ്വസിക്കാനായില്ല’, ദുൽഖർ കൂട്ടിച്ചേർത്തു.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്.