
“ഓപ്പറേഷൻ നംഖോർ”ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടു കിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് നടൻ ദുൽഖർ സൽമാൻ. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്
നിയമാനുസൃതമായ എല്ലാ നടപടികളും പൂർത്തിയാക്കി വാങ്ങിയ വാഹനമാണെന്നും, പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കസ്റ്റംസിന്റെ അന്വേഷണ പരിധിയിൽ ദുൽഖറിന്റെ നാല് വാഹനങ്ങളുണ്ട്. ഇതിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിൽ ഒന്ന് മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലും നടൻ പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും പരിശോധന നടത്തിയത്. തുടർന്ന് ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. എന്നാൽ പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടത്തിയിട്ടും വാഹനം കണ്ടെത്താനായില്ല.
നടൻ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിത്തിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. ഇയാളെ കസ്റ്റംസ് ഓഫീസിൽ ഹാജരാക്കി മൊഴിയെടുത്തിട്ടുണ്ട്. ആകെ 36 വാഹനങ്ങളാണ് ചൊവ്വാഴ്ച മാത്രം കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതൽ 200 വരെ എസ്യുവികൾ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.
ഭൂട്ടാനീസ് ഭാഷയിൽ ‘വാഹനം’ എന്നർത്ഥം വരുന്ന “നംഖോർ” എന്ന പേരാണ് ഓപ്പറേഷനു നൽകിയത്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിന്റെ കോയമ്പത്തൂർ കണ്ണികളെ ഏകദേശം ഒരു വർഷം മുമ്പാണ് കസ്റ്റംസ് തിരിച്ചറിഞ്ഞത്. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളിൽ സംശയം തോന്നിയ ഉടമകളുടെ വാഹനങ്ങളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്കുപുറമേ തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, അടിമാലി എന്നിവിടങ്ങളിലും പരിശോധന നടന്നു. രേഖകൾ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോർവാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന.